യുക്രൈനു വേണ്ടി പോരാടാന്‍ സൈന്യത്തില്‍ ചേര്‍ന്ന് തമിഴ്നാട്ടില്‍ നിന്നുള്ള വിദ്യാര്‍ത്ഥി. കോയമ്പത്തൂര്‍ സ്വദേശിയായ സായ് നികേഷ് രവിചന്ദ്രനാണ് സൈന്യത്തില്‍ ചേര്‍ന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യക്കെതിരെ യുദ്ധമുന്നണിയില്‍ നിന്നു തന്നെ പോരാടണമെന്ന ലക്ഷ്യവുമായാണ് സായ് നികേഷ് രവിചന്ദ്രന്‍ സൈന്യത്തില്‍ ചേരാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഇരുപത്തൊന്നുകാരനായ സായ് യുക്രൈനിലെ നാഷണല്‍ എയറോ സ്പേസ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയാണ്. 2018 ലാണ് യുക്രൈനിലേയ്ക്ക് പോയത്. 2022 ജൂലൈയിലാണ് കോഴ്സ് പൂര്‍ത്തിയാകേണ്ടിയിരുന്നത്. യുക്രൈനില്‍ സംഘര്‍ഷം ആരംഭിച്ചത് മുതല്‍ സായ് നികേഷിനെ ബന്ധപ്പെടാന്‍ കുടുംബത്തിന് സാധിച്ചിരുന്നില്ല. തുടര്‍ന്ന് പരിഭ്രാന്തരായ ബന്ധുക്കള്‍ നയതന്ത്രകാര്യാലയവുമായി ബന്ധപ്പെടുകയായിരുന്നു.
അതുവഴി സായിയെ ബന്ധപ്പെട്ടപ്പോഴാണ് റഷ്യയ്ക്കെതിരെ പോരാടാന്‍ താന്‍ യുക്രൈന് സൈന്യത്തില്‍ ചേര്‍ന്നതായി യുവാവ് ബന്ധുക്കളെ അറിയിക്കുന്നത്. ചെറുപ്പം മുതല്‍ ഇന്ത്യന്‍ സൈന്യത്തില്‍ ചേരാനായിരുന്നു സായി നികേഷിന് ആഗ്രഹം. അപേക്ഷ നല്‍കിയിരുന്നെങ്കിലും ഉയരക്കുറവ് മൂലം തള്ളുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
അതേസമയം, കോയമ്പത്തൂരിലെ സായി നികേഷിന്റെ വീട്ടിലെത്തി ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ വിവരം ശേഖരിച്ചു. സൈനിക യൂണിഫോമില്‍ ആയുധങ്ങളുമായി നില്ക്കുന്ന ചിത്രം ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. സായി നികേഷിനെ ഫോണില്‍ കിട്ടുന്നില്ലെന്ന് വിശദമാക്കിയ കുടുബം കൂടുതല്‍ പ്രതികരിച്ചില്ല.