വിദ്യാർഥിവായ്പകൾക്കും പോഷകാഹാരത്തിനുമായി വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന നിർണ്ണായക പരിപാടികൾ മറ്റു വകുപ്പുകളിലേക്കു മാറ്റുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഏജൻസി അടച്ചുപൂട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ട്രംപിന്റെ ഈ നിർദേശം. വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിടുക എന്ന ലക്ഷ്യത്തോടെ വ്യാഴാഴ്ച ഒരു എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചിരുന്നു.
ട്രംപ് പിരിച്ചുവിടാൻ ഉദ്ദേശിക്കുന്ന ഏജൻസി ഇനിമുതൽ പുതിയ വകുപ്പുകളിലേക്കു മാറ്റുകയും, ചെറുകിട ബിസിനസ് അഡ്മിനിസ്ട്രേഷൻ വിദ്യാർഥിവായ്പകൾ ഏറ്റെടുക്കുകയും, ആരോഗ്യ-മനുഷ്യ സേവനവകുപ്പ് പ്രത്യേക ആവശ്യങ്ങളും മറ്റ് പോഷകാഹാര പരിപാടികൾ ഏറ്റെടുക്കുകയുമാണ് ചെയ്യാൻ ഉദ്ദേശിച്ചിരിക്കുന്നത്.
2023 ലെ കണക്കനുസരിച്ച് ഏകദേശം 44 ദശലക്ഷം പേർക്കുവേണ്ടി 1.6 ട്രില്യൺ ഡോളറിലധികം വരുന്ന വിദ്യാർഥിവായ്പകൾ വിദ്യാഭ്യാസ വകുപ്പ് നൽകിയിരുന്നു. താഴ്ന്ന വരുമാനക്കാരായ വിദ്യാർഥികളെ സഹായിക്കുന്നതിനായി രൂപകൽപന ചെയ്തിട്ടുള്ള വിദ്യാർഥിവായ്പകളും പെൽ ഗ്രാന്റുകളും വകുപ്പ് തുടർന്നും കൈകാര്യം ചെയ്യുമെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലീവിറ്റ് പറയുന്നു.
ജനുവരിയിൽ അധികാരത്തിൽ വന്നതുമുതൽ ട്രംപ് യു എസ് ഗവൺമെന്റിനെ പുനർനിർമ്മിക്കുന്നതിനും ഫെഡറൽ തൊഴിലാളികളെ ഇല്ലാതാക്കുന്നതിനും മറ്റുമായി നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. ആ അജണ്ടയുടെ പട്ടികയിൽ വിദ്യാഭ്യാസ വകുപ്പിനെയും ലക്ഷ്യം വയ്ക്കുന്നുണ്ട്.