Wednesday, November 27, 2024

സഹപാഠികളെക്കൊണ്ട് വിദ്യാർഥിയുടെ മുഖത്തടിപ്പിച്ച സംഭവം: സ്‌കൂളിനെതിരെ നടപടി

ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലെ സ്കൂളില്‍ സഹപാഠികളെക്കൊണ്ട് മുസ്ലീം വിദ്യാര്‍ഥിയുടെ മുഖത്തടിപ്പിച്ച സംഭവത്തിനു പിന്നാലെ സ്‌കൂള്‍ അടച്ചിടാന്‍ ഉത്തരവ്. സംഭവത്തില്‍ നേഹ പബ്ലിക് സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയെടുക്കുന്നതുവരെ അടച്ചിടാനാണ് ഉത്തരവ്. ഈ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സമീപത്തെ സ്‌കൂളുകളില്‍ തല്‍ക്കാലം പ്രവേശനം ക്രമീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

കേസില്‍ അന്വേഷണം നടക്കുകയാണെന്നും സ്‌കൂളിന്റെ അംഗീകാരം പിന്‍വലിക്കുമെന്നും അടിസ്ഥാന വിദ്യാഭ്യാസ ഓഫീസര്‍ ശുഭം ശുക്ല പറഞ്ഞു. വര്‍ഗീയപരാമര്‍ശം നടത്തിയതിനും ഗൃഹപാഠം ചെയ്യാത്തതിന്റെ പേരില്‍ രണ്ടാംക്ലാസ് വിദ്യാര്‍ഥിയെ തല്ലാന്‍ മറ്റ് വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടതിനും അധ്യാപികയായ ത്രിപ്ത ത്യാഗിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. സംഭവത്തിന്റെ വീഡിയോ, സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ രാജ്യത്തിന്റെ വിവിധ കോണുകളില്‍നിന്ന് രോഷമുയര്‍ന്നിരുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ അടിസ്ഥാന വിദ്യാഭ്യാസ വകുപ്പുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ളതാണ് ഈ സ്‌കൂള്‍. നിലവില്‍ 50 കുട്ടികളാണ് സ്‌കൂളില്‍ പഠിക്കുന്നത്.

Latest News