ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം അമേരിക്കയിൽ യഹൂദവിരുദ്ധ സംഭവങ്ങൾ 300 ശതമാനത്തിലധികം വർദ്ധിച്ചതായി പഠനങ്ങൾ വെളിപ്പെടുത്തുന്നു. ആന്റി ഡിഫമേഷൻ ലീഗ് (എഡിഎൽ) ആണ് ഈ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. പ്രതിദിനം ശരാശരി രണ്ട് ഡസനിലധികം യഹൂദവിരുദ്ധ സംഭവങ്ങൾ ആണ് ഉണ്ടാകുന്നത്.
പ്രാഥമിക കണക്കുകൾ പ്രകാരം, “ഇസ്രായേലിനെതിരായ ഹമാസിന്റെ ഭീകരാക്രമണത്തിന് ശേഷമുള്ള മാസത്തിൽ, യുഎസിലെ യഹൂദവിരുദ്ധ സംഭവങ്ങൾ കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 316% വർദ്ധിച്ചു” എന്ന് എഡിഎൽ ഒരു പത്രക്കുറിപ്പിൽ വെളിപ്പെടുത്തി. ഒക്‌ടോബർ 7-ന് ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ ആയിരത്തിലധികം പേരെ കൊല്ലുകയും നൂറുകണക്കിന് ആളുകളെ ബന്ദികളാക്കുകയും ചെയ്തതോടെയാണ് ഹമാസിന്റെ ഇസ്രായേൽ ആക്രമണം ആരംഭിച്ചത്.
“2023 ഒക്ടോബർ ഏഴിനും നവംബർ ഏഴിനും ഇടയിലുള്ള ഒരു മാസ കാലയളവിൽ, ADL സെന്റർ ഓൺ എക്സ്ട്രീമിസം യുഎസിലുടനീളം 832 ആക്രമണം, നശീകരണം, ഉപദ്രവിക്കൽ എന്നിവ രേഖപ്പെടുത്തിയിട്ടുണ്ട്, ശരാശരി 28 സംഭവങ്ങളാണ് ഒരു ദിവസം ഉണ്ടാകുന്നത്. ഇത് 2022 ലെ ഇതേ കാലയളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 200 സംഭവങ്ങളിൽ നിന്ന് 316% വർദ്ധനവാണ്.” എഡിഎൽ വെളിപ്പെടുത്തുന്നു.
ജൂതന്മാർക്ക് (അല്ലെങ്കിൽ യഹൂദന്മാരെന്ന് കരുതപ്പെടുന്ന ആളുകൾ) അല്ലെങ്കിൽ ജൂത സ്ഥാപനങ്ങൾക്ക് നേരെയുള്ള നശീകരണ, ഉപദ്രവം, ആക്രമണം എന്നിവ ഉൾപ്പെടുന്ന ഒരു ചാർട്ടും ഇവർ പുറത്തുവിട്ടു.