Monday, November 25, 2024

കാലാവസ്ഥാ വ്യതിയാനം മനുഷ്യന്റെ തലച്ചോറിലെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് പഠനം

തീവ്രമായ കാലാവസ്ഥാ വ്യതിയാനം മനുഷ്യന്റെ തലച്ചോറിലെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് പഠനം. നേച്ചര്‍ ക്ലൈമറ്റ് ചേഞ്ച് എന്ന ശാസ്ത്ര ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിഷയത്തില്‍ ആഴത്തിലുള്ള പഠനങ്ങള്‍ ആരംഭിച്ചിട്ടേയുള്ളൂവെന്ന് പ്രബന്ധത്തിന്റെ രചയിതാക്കളിലൊരാളായ ഡോ. കിംബര്‍ലി സി. ഡോയല്‍ പറഞ്ഞു.

ലോകത്തിലെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള ശാസ്ത്രജ്ഞര്‍ ചേര്‍ന്നു നടത്തിയ പഠനത്തിലാണ് പാരിസ്ഥിതികമാറ്റങ്ങള്‍ ‍ഭാവിയില്‍ സൃഷ്ടിച്ചേക്കാവുന്ന ആഘാതങ്ങളെക്കുറിച്ച് വ്യക്തമാക്കുന്നത്. 2050 ആകുമ്പോഴേക്കും കാലാവസ്ഥാ വ്യതിയാനംമൂലം ദിനംപ്രതി രണ്ടുലക്ഷത്തിലധികം പേര്‍ മരിക്കുമെന്നും പ്രബന്ധം ചൂണ്ടിക്കാണിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുണ്ടാകാവുന്ന പ്രശ്നങ്ങളെ തടയുന്നതിന് ലോകത്താകമാനമുള്ള വനങ്ങളെ അവയുടെ സ്വാഭാവിക അവസ്ഥയിലേക്ക് പുനഃസ്ഥാപിക്കണമെന്നും പ്രബന്ധം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പാരിസ്ഥിതിക ഘടകങ്ങള്‍ മാറുന്നത് തലച്ചോറിന്റെ വികാസത്തെ ബാധിക്കുമെന്ന് മുമ്പ്, എലികളില്‍ നടത്തിയ പഠനങ്ങള്‍ തെളിയിച്ചതായും പ്രബന്ധം ചൂണ്ടിക്കാണിക്കുന്നു. തീവ്രമായ കാലാവസ്ഥാമാറ്റങ്ങള്‍ ഉദാഹരണത്തിന് താപതരംഗം, ചുഴലിക്കാറ്റുകള്‍ തുടങ്ങിയവ തലച്ചോറിലുണ്ടാക്കുന്ന ആഘാതങ്ങളെപ്പറ്റി കൂടുതല്‍ പഠനം സാധ്യമാക്കണമെന്നും വിദഗ്ദര്‍ പ്രബന്ധത്തില്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

Latest News