ചൈനയില്‍ വീണ്ടും കോവിഡ് കേസുകളും മരണവും വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. തലസ്ഥാന നഗരമായ ബെയ്ജിംഗിൽ ജനസംഖ്യയുടെ 70 ശതമാനവും കോവിഡ് പിടിപെട്ടതായാണ് വിവരം. കോവിഡ് കേസുകള്‍ പടരുന്നതിനെത്തുടര്ന്നു സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതിഷേധവും തുടരുകയാണ്.
കോവിഡ് കേസുകള്‍ ഉയര്‍ന്നതിനാല്‍ ചൈനയിലെ ആശുപത്രികൾ പൂർണ്ണമായും നിറഞ്ഞ സാഹചര്യമാണ്. ബെയ്ജിംഗില്‍ ജിം ഉള്‍പ്പെടയുള്ള സ്ഥാപനങ്ങളില്‍ താത്കാലിക ക്ലിനിക്കുകള്‍ ആരംഭിച്ചിരിക്കുകയാണ് ആരോഗ്യവിഭാഗം. ജനുവരി പകുതിയോടെ വൈറസ് വ്യാപനം അതിഭീകരമാകുമെന്നും ആരോഗ്യവിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൂന്ന് മാസത്തിനുള്ളിൽ മൂന്ന് കോവിഡ് തരംഗങ്ങൾ രാജ്യത്ത് വന്നേക്കുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നല്‍കിയിരുന്നു. നിലവില്‍ തരംഗത്തിന്റ ആദ്യ ഭാഗമാണ് ഇപ്പോൾ കടന്നു പോകുന്നതെന്നാണ് വിലയിരുത്തല്‍.
ജനുവരി അവസാനം മുതൽ ഫെബ്രുവരി പകുതി വരെ രണ്ടാം തരംഗം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മൂന്നാം തരംഗം ഫെബ്രുവരി അവസാനം ആരംഭിക്കും. ഈ സമയത്ത് കോവിഡ് കേസുകൾ കുറയാനുള്ള സാദ്ധ്യത കുറവാണെന്നും ദിനം പ്രതി കേസുകൾ വർദ്ധിക്കുമെന്നും ചൈനയിലെ എപ്പിഡെമിയോളജിസ്റ്റ് വു ജുന്യാവോ പ്രതികരിച്ചു. അതേസമയം പ്രതിരോധനടപടികള്‍ ചൈനയില്‍ പുരോഗമിക്കുമ്പോഴും കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാണ്.