സൈനിക വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്ന സുഡാനില്‍ നിന്ന് തങ്ങളുടെ സൈന്യത്തെ ഒഴിപ്പിച്ചതായി ഈജിപ്ത്. റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സസ് തടവിലാക്കിയ 177 സൈനികരെയാണ് ഈജിപ്ത് രക്ഷിച്ചത്. ഇതു സംബന്ധിച്ച വിവരം ഈജിപ്ത് സൈനിക പ്രസ്താവനയിലൂടെ അറിയിച്ചു.
സുഡാന് സൈന്യവുമായി അടുപ്പം പുലര്‍ത്തുന്ന ഈജിപ്ഷ്യന്‍ സൈന്യം പരിശീലനത്തിനും സംയുക്താഭ്യാസത്തിനുമായാണ് രാജ്യത്ത് എത്തിയത്. എന്നാല്‍ ഇതിനിടെ ആരംഭിച്ച ആഭ്യന്തരസംഘര്‍ഷത്തില്‍ സുഡാന് സൈന്യവുമായി അടുപ്പമുള്ള 177 ഈജിപ്ത് സൈനികരെ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സസ് തടവിലാക്കുകയായിരുന്നു. ഖാര്‍ത്തുമിന്റെ വടക്കുള്ള മെറോവ് എയര്‍പോര്‍ട്ട് തകര്‍ത്താണ് അര്‍ധസൈനിക വിഭാഗം ഈജിപ്ത് സൈനികരെ തടവിലാക്കിയതെന്നാണ് വിവരം.
ബുധാനാഴ്ച വൈകിട്ട് 24 മണിക്കൂര്‍ വെടിനിര്‍ത്തല്‍ കരാറിന് ഇരു വിഭാഗവും ധാരണയായതിനെ തുടര്‍ന്നാണ് സൈനികരെ ഒഴിപ്പിച്ചത്. ഇത് സ്ഥിരീകരിച്ചുകൊണ്ട് ഈജിപ്ത് പ്രസ്താവനയിറക്കുകയായിരുന്നു. സുഡാനിൽ നിന്ന് 177 ഈജിപ്ഷ്യൻ സൈനികരുമായി മൂന്ന് വിമാനങ്ങൾ കെയ്റോയിൽ എത്തിയിട്ടുണ്ടെന്നും 27 വ്യോമസേനാ ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘം സുഡാനിലെ ഈജിപ്ഷ്യൻ എംബസിയുടെ സംരക്ഷണയിലാണെന്നും സൈനിക പ്രസ്താവനയിൽ പറയുന്നു.
അതേസമയം, അഞ്ചു ദിവസം പിന്നിട്ട സംഘര്‍ഷത്തില്‍ ഇതുവരെ 330 പേര് കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. മൂവായിരത്തിലധികം ആളുകള്‍ക്ക് പരിക്കേറ്റതായും യുഎന്‍ വ്യക്തമാക്കി. എന്നാല്‍ അന്താരാഷ്ട്ര ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ ജപ്പാനും, നെതര്‍ലന്‍ഡ്സും തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുന്നതിന് നീക്കങ്ങളാരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.