സൈനിക അര്‍ധ സൈനിക വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്ന സുഡാനില്‍ ജനങ്ങള്‍ കടുത്ത ദുരിതത്തിലെന്ന് റിപ്പോര്‍ട്ടുകള്‍. മരുന്നിന്റേയും അവശ്യസാധനങ്ങളുടേയും അപര്യാപ്തത ആതുരസേവന മേഖലയേയും ദുരിതത്തിലാക്കിയിട്ടുണ്ട്. അതിനിടെ, വിദേശ പൗരന്മാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
ഒരാഴ്ച പിന്നിട്ട യുദ്ധത്തില്‍ വീടുകളില്‍ കഴിയുന്ന ജനങ്ങള്‍ക്ക് ശുദ്ധ ജലവും ഭക്ഷ്യോല്‍പന്നങ്ങളും ലഭ്യമാക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. വൈദ്യുതി ഇല്ലാത്തതിനാല്‍ ദിവസങ്ങളായി ജനങ്ങള്‍ ഇരുട്ടില്‍ തന്നെയാണ്. സംഘര്‍ഷം നടക്കുന്ന ഖാര്‍ത്തുമിലും സമീപപ്രദേശങ്ങളിലും ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചതായും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഏറ്റുമുട്ടലില്‍ പരിക്കേറ്റവരെ ചികിത്സിക്കുന്ന ഹോസ്പിറ്റലുകളില്‍ അവശ്യ മരുന്നുകളുടെ അഭാവമുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
ഇതുവരെ സൈനിക -അര്‍ധസൈനിക ഏറ്റുമുട്ടലില്‍ 425 ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. 500 ല്‍ അധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇതിനോടകം ഒട്ടനവധി ആളുകളാണ് രാജ്യത്തു നിന്നും പലായനം ചെയ്തിരിക്കുന്നത്.
അതേസമയം, സുഡാനിലുള്ള തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുന്നതിനുള്ള ശ്രമം വിദേശരാജ്യങ്ങള്‍ ആരംഭിച്ചു. വിദേശ പൗരന്മാര്‍ക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് സൈനിക -അര്‍ധസൈനിക വിഭാഗങ്ങള്‍ അറിയിച്ചു. സൗദി, ഇന്ത്യ, കുവൈത്ത്, ഖത്തര്‍ തുടങ്ങി 12 ഓളം രാജ്യങ്ങൾ ഇതിനോടകം തങ്ങളുടെ പൗരന്മാരെ സുഡാനില്‍ നിന്നും ഒഴിപ്പിച്ചു.