Tuesday, November 26, 2024

സുഡാന്‍ സംഘര്‍ഷം; 24 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പരാജയപ്പെട്ടു

സുഡാനില്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്, സൈനിക-അര്‍ധസൈനിക വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നതായി റിപ്പോര്‍ട്ട്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍റെ ഇടപെടലിനെ തുടര്‍ന്ന് ധാരണയായ വെടിനിര്‍ത്തല്‍ കരാറാണ് മിനിട്ടുകള്‍ക്കകം പരാജയപ്പെട്ടത്. ഇരു വിഭാഗങ്ങളും തമ്മില്‍ അഞ്ച് ദിവസമായി തുടരുന്ന സംഘര്‍ഷത്തില്‍ ഇതുവരെ 270 പേരാണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച ആരംഭിച്ച സംഘര്‍ഷത്തിനു ശമനമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ സൈനിക-അര്‍ധസൈനിക വിഭാഗങ്ങളുടെ മേധാവികളുമായി ചര്‍ച്ച നടത്തിയത്. അര്‍ധ സൈനിക വിഭാഗത്തിന്‍റെ മേധാവി മുഹമ്മദ് ഹംദന്‍ ഡഗലോയും സായുധ സേനാ മേധാവി അബ്ദല്‍ ഫത്താ ബുര്‍ഹാനുമായും ഫോണിലൂടെയാണ് ബ്ലിങ്കന്‍ സംസാരിച്ചത്. അടിയന്തര മാനുഷികാവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വെടിനിര്‍ത്തല്‍ കരാറിലേര്‍പ്പെടാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇതേ തുടര്‍ന്ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും മിനിട്ടുകള്‍ക്കകം സംഘര്‍ഷം പുനരാരംഭിക്കുകയായിരുന്നു.

അതേസമയം, സംഘര്‍ഷത്തിനു ശമനമില്ലാതെ തുടരുന്നതിനാല്‍ ഖാര്‍ത്തുമില്‍ നിന്നും നഗരവാസികള്‍ കൂട്ടപലായനം ചെയ്യുന്നതായാണ് വിവരം. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ ആയിരക്കണക്കിനാളുകള്‍ വാഹനങ്ങളിലും കാല്‍ നടയായും നഗരം വിടുകയാണ്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരെ ഒഴിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്.

Latest News