Sunday, November 24, 2024

സുഡാന്‍ സംഘര്‍ഷം; മരണ സംഖ്യ 400 കവിഞ്ഞു

സുഡാനിലെ സൈനിക-അര്‍ധ സൈനിക വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ മരണ സംഖ്യ 400 കവിഞ്ഞു. ഇതു സംബന്ധിച്ച കണക്കുകള്‍ ലോകാരോഗ്യ സംഘടനയാണ് പുറത്തുവിട്ടത്. അതേസമയം, അടിയന്തര മാനുഷികാവശ്യങ്ങള്‍ക്കായി 72 മണിക്കൂര്‍ വെടിനിര്‍ത്തലിന് സന്നദ്ധമാണെന്ന് അര്‍ധ സൈനിക വിഭാഗമായ ആര്‍എസ്എഫ് അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

രാജ്യത്തിന്‍റെ അധികാരം പിടിക്കാനായി അബ്ദുല്‍ ഫത്താ ബുര്‍ഹാനും മുഹമ്മദ് ഹമദാന്‍ ദഗാലോയും തമ്മില്‍ നടക്കുന്ന തര്‍ക്കം കഴിഞ്ഞ ശനിയാഴ്ചയാണ് ആരംഭിച്ചത്. സുഡാന്‍റെ തലസ്ഥാനമായ ഖാര്‍ത്തും കേന്ദ്രീകരിച്ചായിരുന്നു ഏറ്റുമുട്ടല്‍. സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ വെടിവയ്പ്പിലും ബോംബാക്രമണത്തിലും കൊല്ലപ്പെട്ടവരുടെ എണ്ണം 413 ആയി ഉയര്‍ന്നു. ഇതുവരെ 3500 -ല്‍ അധികം ആളുകള്‍ക്ക് ഗുരുതര പരിക്കേറ്റതായാണ് വിവരം.

അതിനിടെ, മാനുഷികാവശ്യങ്ങള്‍ക്കായി 72 മണിക്കൂര്‍ വെടിനിര്‍ത്തലിനു സന്നദ്ധമാണെന്നു ആര്‍എസ്എഫ് മേധാവി മുഹമ്മദ് ഹമദാന്‍ ദഗാലോ അറിയിച്ചു. എന്നാല്‍ ആര്‍ എസ്എഫ് -മായി ഒത്തുതീര്‍പ്പിനില്ലെന്നും, കീഴടങ്ങല്‍ മാത്രമാണ് അവര്‍ക്ക് മുന്നിലുള്ള ഏക വഴിയെന്നും സൈനിക വിഭാഗം മേധാവി അബ്ദുല്‍ ഫത്താ ബുര്‍ഹാ പറഞ്ഞു. രാജ്യത്തെ ജനാധിപത്യ ഭരണം പുനഃസ്ഥാപിക്കാന്‍ സൈന്യം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആരംഭിച്ചതിനു ശേഷം ഇതാദ്യമായാണ് സൈനിക മേധാവി അബ്ദുല്‍ ഫത്താ ബുര്‍ഹാ ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്.

Latest News