അർധ സൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിൽ (ആർ എസ് എഫ്) ൽ നിന്ന് തലസ്ഥാനമായ ഖാർത്തൂമിലെ പ്രസിഡന്റിന്റെ കൊട്ടാരം തിരിച്ചുപിടിച്ചതായി അവകാശപ്പെട്ട് സുഡാൻ സൈന്യം. ഏകദേശം രണ്ടുവർഷത്തെ പോരാട്ടത്തിനൊടുവിലാണ് സുഡാൻ സൈന്യം പ്രസിഡന്റിന്റെ കൊട്ടാരം തിരിച്ചുപിടിക്കുന്നത്. കിഴക്കൻ ആഫ്രിക്കൻ രാജ്യത്തിന്റെ അധികാരം തിരിച്ചുപിടിക്കുന്നത് സൈന്യത്തിന്റെ വലിയ വിജയമാണ്. സമീപമാസങ്ങളിൽ ആർ എസ് എഫിനെതിരെ പ്രധാനമായ മുന്നേറ്റവും സൈന്യം നടത്തിയിരുന്നു.
ഈ വ്യക്തികൾ ഇല്ലാതാകുന്നതുവരെ ഒരു ചർച്ചയ്ക്കും സാധ്യതയില്ലെന്ന് സുഡാനിലെ യഥാർഥ പ്രസിഡന്റും സൈനികമേധാവിയുമായ ജനറൽ അബ്ദുൽ ഫത്താഹ് അൽ-ബുർഹാൻ വെള്ളിയാഴ്ച പറഞ്ഞു. രാജ്യത്തിന്റെ വലിയൊരു ഭാഗം ഇപ്പോഴും ആർ എസ് എഫിന്റെ നിയന്ത്രണത്തിലാണ്. കൊട്ടാരസമുച്ചയത്തിൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി ആർ എസ് എഫ് റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ടവരിൽ സുഡാനിലെ സ്റ്റേറ്റ് ടിവി സ്റ്റേഷനിൽ നിന്നുള്ള ഒരു സംഘം പത്രപ്രവർത്തകരും സൈന്യത്തിലെ രണ്ട് മുതിർന്ന മീഡിയ ലൈസൺ ഓഫീസർമാരും ഉൾപ്പെടുന്നു.
കൊട്ടാരത്തിന്റെ തെക്കുഭാഗത്തുള്ള പ്രദേശങ്ങൾ കൈവശപ്പെടുത്തിയിരിക്കുന്ന ബാക്കിയുള്ള പോരാളികളെ വളയാൻ സൈന്യം ശ്രമിക്കുകയാണ്. ഇത് രക്തരൂക്ഷിതമായ ഏറ്റുമുട്ടലുകളിലേക്കു നീങ്ങുമെന്നാണ് കരുതുന്നത്. എന്നിരുന്നാലും, നഗരമധ്യത്തിൽ നടന്ന കടുത്ത പോരാട്ടങ്ങൾക്കുശേഷം കൊട്ടാരം പിടിച്ചെടുത്ത സന്തോഷത്തിലാണ് സൈനികർ. സോഷ്യൽ മീഡിയയിൽ ഇവർ വിജയം കൈവരിച്ചതിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രവേശനകവാടത്തിൽ സന്തോഷഭരിതരായ സൈനികർ ആർപ്പുവിളിക്കുന്നതും മുട്ടുകുത്തി പ്രാർഥിക്കുന്നതുമായ പോസ്റ്റുകളാണ് പങ്കുവച്ചതിൽ ഏറെയും.