Tuesday, November 26, 2024

‘പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ അല്‍ഖ്വയ്ദയുടെ ഭാഗം’ എന്ന് സൂഫി ഇസ്ലാമിക് ബോര്‍ഡ്; സംഘടനയെ നിരോധിക്കണമെന്ന ആവശ്യം ആവര്‍ത്തിച്ചു

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) എന്ന സംഘടനയെ നിരോധിക്കണമെന്ന ആവശ്യം ആവര്‍ത്തിച്ച് സൂഫി ഇസ്ലാമിക് ബോര്‍ഡ്. തീവ്രവാദ സംഘടനയായ അല്‍-ഖ്വയ്ദയുടെ നിര്‍ദ്ദേശപ്രകാരമാണ് പിഎഫ്‌ഐ പ്രവര്‍ത്തിക്കുന്നതെന്ന് സൂചിപ്പിച്ചുകൊണ്ടാണ് ഈ ആവശ്യം ബോര്‍ഡ് ഉന്നയിച്ചിരിക്കുന്നത്.

റിപ്പബ്ലിക് ടിവിയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് സൂഫി ഇസ്ലാമിക് ബോര്‍ഡ് വക്താവ് കാശിഷ് വാര്‍സി ഈ ആവശ്യം ഉന്നയിച്ചത്. വര്‍ഷങ്ങളായി ഇന്ത്യന്‍ മുസ്ലീങ്ങളെ പ്രേരിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ പിഎഫ്‌ഐ ഏര്‍പ്പെട്ടിരിക്കുകയാണെന്നും അതിനാല്‍ ഈ സംഘടനയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടതിന് ശേഷം തങ്ങള്‍ക്ക് അല്‍-ഖ്വയ്ദയില്‍ നിന്ന് വധഭീഷണി ഉണ്ടെന്നും കാശിഷ് വാര്‍സി പറഞ്ഞു.

‘പിഎഫ്ഐ നിരവധി ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പിഎഫ്ഐ നിരോധിക്കണമെന്ന് ഞങ്ങള്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ട് കുറച്ച് കാലമായി. സൂഫി ഇസ്ലാമിക് ബോര്‍ഡിന് നേരെ അല്‍-ഖ്വയ്ദ വധഭീഷണി മുഴക്കിയതിന് ശേഷം, പിഎഫ്ഐ അതിന്റെ ഭാഗമാണെന്ന് തെളിയിക്കപ്പെട്ടു. പിഎഫ്‌ഐ നിരോധിക്കാനും അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും ഞങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു’. വാര്‍സി റിപ്പബ്ലിക്കിനോട് പറഞ്ഞു. തങ്ങള്‍ക്ക് വധഭീഷണി ലഭിച്ച ട്വിറ്റര്‍ ഹാന്‍ഡില്‍ ബ്ലോക്ക് ചെയ്തതിന് സൂഫി ഇസ്ലാമിക് ബോര്‍ഡ് വക്താവ് സര്‍ക്കാരിന് നന്ദി പറഞ്ഞു.

സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയും (SDPI) അതിന്റെ മാതൃസംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും (PFI) തീവ്രവാദ സംഘടനകളാണെന്നതില്‍ സംശയമില്ലെന്ന് അടുത്തിടെ കേരള ഹൈക്കോടതിയും ഒരു നിരീക്ഷണത്തില്‍ സമ്മതിച്ചിരുന്നു. സംഘടന ഗുരുതരമായ അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണെന്നും എന്നിട്ടും അവരെ വിലക്കിയിട്ടില്ലെന്നും ജസ്റ്റിസ് കെ ഹരിപാല്‍ ഉള്‍പ്പെട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചിരുന്നു.

പിഎഫ്‌ഐയെ കുറിച്ചുള്ള മറ്റൊരു പ്രധാന നിരീക്ഷണം ഒരു പുസ്തക പ്രകാശന വേളയില്‍ തമിഴ്നാട് ഗവര്‍ണര്‍ ആര്‍എന്‍ രവിയാണ് പങ്കിട്ടത്. തന്റെ പ്രസംഗത്തിനിടെ, പിഎഫ്ഐയെ ‘ഇന്ത്യയ്ക്ക് ഭീഷണി’ എന്ന് വിശേഷിപ്പിച്ച രവി, ഈ റാഡിക്കല്‍ ഗ്രൂപ്പിന് അതിന്റെ യഥാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ മറച്ചുവെക്കാന്‍ 16 മുന്നണികളുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും മനുഷ്യാവകാശ- പുനരധിവാസ ഗ്രൂപ്പിന്റെയും വേഷത്തില്‍ സംഘടന എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പിന്നീട് വിവരിക്കുകയുണ്ടായി.

Latest News