Monday, November 25, 2024

പാക്കിസ്ഥാനിലെ പൊലീസ് സ്റ്റേഷനില്‍ ചാവേര്‍ ആക്രമണം: 22 പേര്‍ കൊല്ലപ്പെട്ടു

വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് ചാവേര്‍ ആക്രമണം. സംഭവത്തില്‍ 22 പേര്‍ കൊല്ലപ്പെടുകയും 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ തെഹ്‌രീകെ ജിഹാദ് പാക്കിസ്ഥാൻ (ടി.ജെ.പി) ഏറ്റെടുത്തു.

പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലെ ദേര ഇസ്മയിൽ ഖാൻ ജില്ലയിലാണ് ആക്രമണം നടന്നത്. സ്ഫോടകവസ്തു നിറച്ച വാഹനവുമായി ചൊവ്വാഴ്ച ഒരു ചാവേർ, പൊലീസ് സ്റ്റേഷന്റെ പ്രധാന ഗേറ്റിൽ എത്തുകയും പിന്നീട് പൊട്ടിത്തെറിക്കുകയുമായിരുന്നു. തീവ്രവാദികളുമായി മണിക്കൂറുകളോളം വെടിവയ്പ്പ് നടന്നതായും പ്രാദേശിക പൊലീസ് ഓഫീസർ കമാൽ ഖാൻ പറഞ്ഞു.

ചില ഉദ്യോഗസ്ഥരുടെ നില ഗുരുതരമായതിനാൽ ആക്രമണത്തിൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. കൊല്ലപ്പെട്ട 22 സുരക്ഷാ സൈനികരുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്കു മാറ്റിയതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിട്ടുണ്ട്. സ്ഫോടനത്തില്‍ സ്റ്റേഷനിലെ മൂന്നുമുറികൾ തകർന്നതായും അധികൃതര്‍ അറിയിച്ചു. 2021 -ൽ താലിബാൻ അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചെടുത്തതുമുതൽ അതിർത്തിമേഖലകളില്‍ ആക്രമണം വർധിക്കുകയാണ്.

Latest News