അഫ്ഗാനിസ്ഥാനില്‍ വിദ്യാഭ്യാസ സ്ഥാപനത്തിന് നേരെ ചാവേറാക്രമണം. കാബൂളിലെ ദസ്തെ എ ബര്‍ബചിയിലെ കാജ് വിദ്യാഭ്യാസ സ്ഥാപനത്തിലാണ് ചാവേറാക്രമണമുണ്ടായത്. സംഭവത്തില്‍ 19 പേര്‍ കൊല്ലപ്പെടുകയും 30 ഓളം പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വെച്ച് ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് സുരക്ഷാ സേന പരിശോധന ശക്തമാക്കിയിരിക്കുകയാണ്.
വിദ്യാര്‍ഥികള്‍ സര്‍വ്വകലാശാലാ പരീക്ഷക്കുള്ള തയാറെടുപ്പ് നടത്തുമ്പോഴായിരുന്നു സ്‌ഫോടനമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഹസാര ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരാണ് ഈ മേഖലയില്‍ താമസിക്കുന്നവരില്‍ അധികവും. ഇതിനു മുമ്പും ഈ
വിഭാഗത്തെ ലക്ഷ്യം വച്ച് ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്.
ചാവേറാക്രമണത്തെ അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയ വക്താവ് അബ്ദുല്‍ നാഫി താക്കൂര്‍ അപലപിച്ചു. പ്രദേശത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തിയതായി വക്താവ് അറിയിച്ചു. കഴിഞ്ഞ ദിവസം കാബൂളിന് സമീപം വാസിര്‍ അക്ബര്‍ ഖാന്‍ ഏരിയയില്‍ സ്ഫോടനം നടന്നിരുന്നു.