ചൊവ്വാഴ്ച വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ ഒരു സുരക്ഷാകേന്ദ്രത്തിലേക്ക് ചാവേറുകൾ സ്‌ഫോടകവസ്തുക്കൾ നിറച്ച രണ്ട് വാഹനങ്ങൾ ഓടിച്ചുകയറ്റുകയും ഏഴു കുട്ടികൾ ഉൾപ്പെടെ സാധാരണക്കാരായ 12 പേർ കൊല്ലപ്പെടുകയും ചെയ്തതായി പൊലീസും രക്ഷാപ്രവർത്തകരും അറിയിച്ചു. റമദാൻ നോമ്പ് തുറന്നയുടനെ, സാധനങ്ങൾ വാങ്ങാനെത്തുന്നവരെക്കൊണ്ട് പ്രാദേശിക മാർക്കറ്റ് നിറഞ്ഞതിനു തൊട്ടുപിന്നാലെയാണ് ബോംബാക്രമണം നടന്നത്.
സ്ഫോടനത്തിൽ അടുത്തുള്ള ഒരു പള്ളിയുടെ മേൽക്കൂര തകർന്നിട്ടുണ്ടെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. സ്ഫോടനത്തിനുശേഷം കൂടുതൽ തീവ്രവാദികൾ സൈനികകേന്ദ്രത്തിലേക്കു കടക്കാൻ ശ്രമിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ സുരക്ഷാസേന ആ ശ്രമം പരാജയപ്പെടുത്തി. വെടിവയ്പ്പിൽ ആറ് തീവ്രവാദികൾ കൊല്ലപ്പെട്ടിട്ടുണ്ട്.
ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ബന്നു ആശുപത്രി വക്താവ് മുഹമ്മദ് നൗമാൻ പറഞ്ഞു. തകർന്ന കെട്ടിടങ്ങൾക്കും മതിലുകൾക്കുമിടയിൽ കുടുങ്ങിയ സാധാരണക്കാരാണ് ഇവരെല്ലാവരുമെന്ന് ആശുപത്രി ലിസ്റ്റിൽ പറയുന്നു.