Tuesday, November 26, 2024

അറബ് ലോകത്തെ ആദ്യത്തെ ദീര്‍ഘകാല ബഹിരാകാശ സഞ്ചാര ദൗത്യം; സുല്‍ത്താന്‍ അല്‍ നെയാദി ഇന്ന് പുറപ്പെടും

അറബ് ലോകത്തെ ആദ്യത്തെ ദീര്‍ഘകാല ബഹിരാകാശ സഞ്ചാര ദൗത്യത്തിനായി ഇമാറാത്തി ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദി ഇന്ന് പുറപ്പെടും. ഇന്ന് രാവിലെ 11:07 ന് ആരംഭിക്കുന്ന ദൗത്യം ആറുമാസം നീണ്ടുനില്‍ക്കും.

അഞ്ച് വര്‍ഷത്തിലധികം നീണ്ട പരിശീലനം പൂര്‍ത്തിയാക്കിയാണ് സുല്‍ത്താന്‍ അല്‍ നിയാദി ചരിത്ര ദൗത്യത്തിന് പുറപ്പെടുന്നത്. ആറുമാസക്കാലം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കഴിയുന്ന നെയാദി യുഎഇ ആസ്ട്രോനറ്റ് പ്രോഗ്രാമിന്റെ ഭാഗമായുള്ള നിരവധി പരീക്ഷണങ്ങളുടെയും ഭാഗമാവും.

ആറു മാസത്തെ ദൗത്യത്തില്‍ 250 ഗവേഷണ പരീക്ഷണങ്ങള്‍ സംഘം നടത്തും. ഇവയില്‍ 20 പരീക്ഷണങ്ങള്‍ അല്‍ നിയാദി തന്നെയാണ് നിര്‍വഹിക്കുക. നാസയുടെ മിഷന്‍ കമാന്‍ഡര്‍ സ്റ്റീഫന്‍ ബോവന്‍, പൈലറ്റ് വാറന്‍ ഹോബര്‍ഗ്, റഷ്യയുടെ ആന്‍ഡ്രേ ഫെഡ് യാവേവ് എന്നിവരാണ് സുല്‍ത്താന് ഒപ്പമുണ്ടാവുക.

ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍നിന്ന് സ്പേസ് എക്സ് ഫാല്‍ക്കണ്‍9 റോക്കറ്റിലാണ് സുല്‍ത്താന്‍ അല്‍ നെയാദിയുള്‍പ്പെടെയുളളവര്‍ ബഹിരാകാശത്തേക്കു യാത്ര തിരിക്കുക. 2019 ലാണ് യുഎഇ ആദ്യമായി ബഹിരാകാശത്തേക്ക് മനുഷ്യനെ എത്തിച്ചത്. അന്ന് നടന്ന ആദ്യ ദൗത്യത്തില്‍ ഹസ്സ അല്‍ മന്‍സൂരി 8 ദിവസം ബഹിരാകാശ കേന്ദ്രത്തില്‍ ചെലവഴിച്ച് വിജയകരമായി തിരിച്ചെത്തിയിരുന്നു.

അറബ് ലോകത്തെ ആദ്യ ചൊവ്വ ദൗത്യം വിജയകരമായി വിക്ഷേപിച്ച രാജ്യമെന്ന പദവി യുഎഇയ്ക്ക് സ്വന്തമാണ്. കൂടാതെ അറബ് ലോകത്തെ ആദ്യ ചന്ദ്രദൗത്യമായ റാഷിദ് റോവര്‍ വിജയകരമായ കുതിപ്പ് തുടരുകയുമാണ്.

 

Latest News