വേനൽക്കാലമെത്തി. ശരീരത്തിനാവശ്യമായ ജലാംശം നിലനിർത്തിക്കൊണ്ട് ചൂടിനെ നേരിടാനുള്ള സമയമാണിത്. ഇത് എളുപ്പമാണെന്നു തോന്നുമെങ്കിലും ആരോഗ്യസംരക്ഷണം ഏറ്റവും പ്രധാനപ്പെട്ട ഒരു കാലമാണിത്. കാരണം ഈ സീസണിൽ ഭക്ഷ്യവിഷബാധ, ഹീറ്റ് സ്ട്രോക്ക്, വയറിളക്കം തുടങ്ങി വിവിധ അസുഖങ്ങൾക്ക് നാം അറിയാതെ തന്നെ ഇരയാകുന്നു.
വീടിനുള്ളിൽതന്നെ ഇരുന്നുകൊണ്ട് ആരോഗ്യം പരിപാലിക്കാൻ എത്ര ശ്രമിച്ചാലും, കത്തുന്ന സൂര്യനെ നമുക്ക് ഒഴിവാക്കാനാകില്ല. ഇത് നമ്മുടെ എല്ലാ ഊർജവും ചോർത്തിക്കളയുന്നു. എന്നാൽ, നമുക്ക് എളുപ്പത്തിൽ ലഭ്യമായ സിട്രസ് പഴങ്ങളിലൊന്നാണ് വിറ്റാമിൻ സി യുടെ ഗുണങ്ങളാൽ സമ്പന്നമായ നാരങ്ങ. ഈ സീസണിലുടനീളം നമ്മുടെ ശരീരത്തെ ഉന്മേഷത്തോടും ജലാംശത്തോടും കൂടെ നിലനിർത്താൻ സഹായിക്കുന്ന നിരവധി പോഷകഘടകങ്ങൾ ഇതിലടങ്ങിയിട്ടുണ്ട്, പ്രത്യേകിച്ച് ചൂടുള്ള കാലാവസ്ഥയിൽ. ദാഹമകറ്റുന്നതിനോടൊപ്പംതന്നെ നിരവധി ആരോഗ്യഗുണങ്ങളും നാരങ്ങാവെള്ളത്തിന് നൽകാനാകും.
രോഗപ്രതിരോധശേഷി ശക്തിപ്പെടുത്തുന്നു
പെട്ടെന്ന് താപനില ഉയരുകയും അതിനോടുകൂടെ ചൂടുകാറ്റും ഉണ്ടാകുമ്പോൾ അത് ശരീരത്തെ ദുർബലമാകുന്നു. ഇത് നമ്മുടെ ഊർജം ചോർത്തുന്നതിനാൽ രോഗപ്രതിരോധ സംവിധാനത്തെയും ബാധിക്കുന്നു. ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കുന്നത് നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും കുറവുകളിൽനിന്ന് സംരക്ഷിക്കുകയും ചെയ്യും. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത ആന്റിഓക്‌സിഡന്റുകളും ആൻറിബാക്ടീരിയൽ ഗുണങ്ങളും അണുബാധകളെ ചെറുക്കാൻ സഹായിക്കുന്നു; പ്രത്യേകിച്ച് വേനൽക്കാലത്ത്.
ചർമ്മത്തിന് തിളക്കം
അൾട്രാവയലറ്റ് രശ്മികൾ താപനില വർധിപ്പിക്കുക മാത്രമല്ല, വേനൽക്കാലത്ത് നമ്മുടെ ചർമ്മത്തിന് കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യതയും അതുമൂലം കൂടുതലാണ്. വേനൽക്കാലത്ത് പുറത്തുപോകുമ്പോൾ പിഗ്മെന്റേഷനും അകാല വാർധക്യവും സംഭവിക്കാം. നാരങ്ങാവെള്ളം കുടിക്കുന്നത് ഈ ചർമ്മപ്രശ്നങ്ങൾ തടയാൻ സഹായിക്കും. നാരങ്ങാവെള്ളം അധിക ജലാംശം നൽകുന്നതും രക്തത്തെ വിഷവിമുക്തമാക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഉള്ളതുമാകയാൽ, ഇത് ചർമ്മത്തെ കൂടുതൽ തിളക്കമുള്ളതും ആരോഗ്യകരവുമാക്കാൻ സഹായിക്കുന്നു. നാരങ്ങയിലടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, കേടായ കോശങ്ങളെ നന്നാക്കാനും ചുളിവുകൾ, പാടുകൾ, മറ്റ് ചർമ്മപ്രശ്നങ്ങൾ എന്നിവ ഇല്ലാതാക്കാനും സഹായിക്കുന്നു.
ശരീരത്തിലെ ജലാംശം നിലനിർത്തുന്നു
വേനൽക്കാലത്ത് നമ്മുടെ ശരീരത്തിൽ എളുപ്പത്തിൽ നിർജലീകരണം സംഭവിക്കുകയും ക്ഷീണവും സമ്മർദവും അനുഭവിക്കുകയും ചെയ്യും. ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കുക, അത് നമ്മുടെ ശരീരത്തിലെ ജലാംശം വർധിപ്പിക്കുകയും pH അളവ് സന്തുലിതമാക്കുകയും ചെയ്യുന്നു.
ശരീരഭാരം കുറയ്ക്കാം
നാരങ്ങയിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ അവ കൂടുതൽ നേരം നമ്മുടെ വയറു നിറയ്ക്കുകയും മെറ്റബോളിസത്തെ വേഗത്തിലാക്കുകയും ചെയ്യുന്നു. ആരോഗ്യകരമായ ശരീരഭാരം കുറയ്ക്കാനുള്ള യാത്രയിലേക്കുള്ള ശരിയായ ചുവടുവയ്പ്പാണിത്.
ആരോഗ്യമുള്ള മുടിക്ക്
വേനൽക്കാലത്ത് മുടിക്ക് ദോഷം ചെയ്യുന്ന മൂന്നു ഘടകങ്ങളാണ് വിയർപ്പ്, ചൂട്, പൊടി എന്നിവ. ഇവയെല്ലാം ചേർന്ന് മുടിയുടെ ഫോളിക്കിളുകൾ അടഞ്ഞുപോകുകയും മുടി എണ്ണമയമുള്ളതുമാകുകയും ചെയ്യുന്നു. ദിവസവും നാരങ്ങാവെള്ളം കുടിക്കുന്നത് ഗ്രന്ഥികളിൽനിന്നുള്ള എണ്ണ ഉൽപാദനവും സ്രവവും കുറയ്ക്കുകയും മുടികൊഴിച്ചിൽ തടയുന്ന രോമകൂപങ്ങളെ മുറുക്കുകയും ചെയ്യുന്നു. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, കൊളാജന്റെ ഉൽപാദനത്തിനു സഹായിക്കുന്നു. ഇത് മുടിവളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ആരോഗ്യകരവും നീളമുള്ളതുമായ മുടി ഉറപ്പാക്കുന്നു.
എനർജി ബൂസ്റ്റർ
ചൂടുള്ള ഈ കാലാവസ്ഥയിൽ പുറത്ത് ചുറ്റിനടക്കണമെങ്കിൽ നമുക്ക് നല്ല ഊർജം ആവശ്യമാണ്. നാരങ്ങവെള്ളം നമ്മുടെ ശരീരത്തിലെ ഊർജനിലകളെ ഉത്തേജിപ്പിക്കുകയും മാനസികാവസ്ഥയിൽ മാറ്റം വരുത്തുകയും ചെയ്യുന്നു. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന അയോണുകൾ രക്തത്തിലെത്തുമ്പോൾ മൂഡ് ലിഫ്റ്ററായും എനർജി ബൂസ്റ്ററായും പ്രവർത്തിക്കുന്നു.