റെയിൽവെയുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങളെല്ലാം ഒരു കുടക്കീഴിലേക്കു ഒരുമിപ്പിച്ചുകൊണ്ട് പുതിയ ആപ്ലിക്കേഷൻ ഒരുങ്ങുന്നു. ‘സൂപ്പർ ആപ്പ്’ എന്നപേരിൽ പുതിയ ആപ്ലിക്കേഷൻ തയ്യാറാക്കിവരികയാണെന്ന് റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് വെളിപ്പെടുത്തി. ഈ ആപ്ലിക്കേഷന്റെ വരവോടെ ടിക്കറ്റ് ബുക്ക് ചെയ്യൽ, പി. എൻ. ആർ. സ്റ്റാറ്റസ്, ട്രെയിനുകളുടെ തത്സമയ വിവരങ്ങൾ അറിയൽ തുടങ്ങിയ സേവനങ്ങളെല്ലാം ഒരു കുടക്കീഴിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
“ഒരു ട്രെയിൻ യാത്രികനെന്ന നിലയിൽ, ഒരാൾക്ക് വേണ്ട എല്ലാ സേവനങ്ങളും സൂപ്പർ ആപ്പിൽ ലഭ്യമാകും” – അശ്വിനി വൈഷ്ണവ് പറഞ്ഞു. ഐ. ആർ. സി. ടി. സി. തയ്യാറാക്കിവരുന്ന പുതിയ ആപ്പിൽ രണ്ട് ഭാഗങ്ങളുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഒന്ന് യാത്രക്കാർക്കുള്ളതും മറ്റൊന്ന് ചരക്കുഗതാഗതവുമായി ബന്ധപ്പെട്ടതുമാണ്.
നിലവിൽ റെയിൽവെയുടെ പല സേവനങ്ങളും പല ആപ്പുകളിലൂടെയാണ് ലഭ്യമാകുന്നത്. ഇത് പലപ്പോഴും ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് പുതിയ ആപ്ലിക്കേഷൻ ഒരുങ്ങുന്നത്.