മേലുദ്യോഗസ്ഥരിൽ നിന്ന് അപമാനവും ഭീഷണിയും ഉണ്ടായതിനെ തുടർന്ന് ജോലി ഉപേക്ഷിക്കുന്ന ഘട്ടത്തിലെത്തി നിൽക്കുന്ന ജയ്സൺ, അനിത മേരി ദമ്പതികളുടെ പരാതിയിൽ നിഷ്പക്ഷമായ ഉന്നതല അന്വേഷണം വേണമെന്ന് കേരളാ ലാറ്റിന്‍ കാത്തലിക് അസോസിയേഷന് ആവശ്യപ്പെട്ടു.
ജയ്സനെതിരെയുളള ആരോപണങ്ങൾ സംബന്ധിച്ച് തിരുനാവായ പഞ്ചായത്ത് ഭരണസമിതി, പ്രദേശത്തെ ക്ഷീര കർഷകർ എന്നിവർക്കൊക്കെ ഈ വിഷയത്തിൽ പറയാനുള്ളതും കേൾക്കണം. ജോലിസ്ഥലത്ത് ഉണ്ടായ കുറ്റകരമായ കാര്യങ്ങൾക്കെതിരെ അനിത മേരി നൽകിയ ക്രിമിനൽ കേസ് പോലീസ് റഫർ ചെയ്തു കളയുകയും, അതേസമയം ഇതേ വിഷയത്തിൽ ഭാര്യയ്ക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ട് ചോദിക്കുന്നതിനു ചെന്ന ഭർത്താവ് ജയ്സനെതിരെയുള്ള കേസിലും, പ്രതികാര നടപടിയുടെ ഭാഗമായി എന്ന് പറയപ്പെടുന്നതും ജയ്സൻറെ മേലുദ്യോഗസ്ഥ നൽകിയതുമായ പരാതിയിലും കുറ്റപത്രം നൽകുകയും ചെയ്ത സംഭവങ്ങളിൽ നിഷ്പക്ഷമായ ഉന്നതല പുനരന്വേഷണം നടത്തി മേലിൽ ഇത്തരം സാഹചര്യങ്ങൾ ഒരു സർക്കാർ വകുപ്പിലും ഉണ്ടാകാതിരിക്കാൻ മാതൃകാപരമായ നടപടികൾ ഉണ്ടാകണം.
തൊഴിൽ സ്ഥലങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളിൽ നിന്ന് സംരക്ഷണം വേണമെന്ന നിയമം 2013 മുതൽ നിലവിലുള്ളതാണ്. അത്തരമൊരു കുറ്റകൃത്യത്തിന് ഇരയായ സ്ത്രീ നൽകിയ പരാതിയിൽ കുറ്റപത്രം നൽകാതെ റഫർ ചെയ്ത് കളഞ്ഞ സാഹചര്യങ്ങളും, പരിശോധിക്കപ്പെടണം. ഈ വിഷയത്തിൽ കഴിഞ്ഞ ദിവസവും കെഎൽസിഎ നേതൃത്വം ജയ്സനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്വേഷണത്തിലെ അപാകതകൾ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്കും, മറ്റ് അധികാരികൾക്കും പരാതികൾ ഇതിനോടകം ജയ്സൺ- അനിത മേരി ദമ്പതികൾ തന്നെ നൽകിയിട്ടുണ്ട്. ഈ പരാതികളിൽ അടിയന്തരമായി നടപടികൾ ഉണ്ടാകുന്നതിന്, നീതി ലഭ്യമാക്കുന്നതിന് കെ എൽ സി എ പിന്തുണ നൽകും.