Monday, November 25, 2024

ആര്‍ത്തവ ശുചിത്വം: ഏകീകൃത നയം വേണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി

വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യ ആര്‍ത്തവ പാഡുകള്‍ നല്‍കുന്നതടക്കം ആര്‍ത്തവ ശുചിത്വവുമായി ബന്ധപ്പെട്ട് ഏകീകൃത നയം കൊണ്ടു വരാന്‍ കേന്ദ്രത്തിനോടാവശ്യപ്പെട്ട് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് ജെബി പാര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം. ഇതിനോടനുബന്ധിച്ച് പെണ്‍കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ നല്‍കുന്ന സൗകര്യങ്ങളെകുറിച്ചുള്ള എല്ലാ വിവരങ്ങളും സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു.

ഒരു ഏകീകൃത ദേശീയ നയം നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങണം. അതിനായി എല്ലാ സംസ്ഥാനങ്ങളേയും ഏകോപിപ്പിക്കണം. വിഷയത്തിന്റെ പ്രധാന്യം കണക്കിലെടുത്ത് എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും അവരുടെ ആര്‍ത്തവ ശുചിത്വനയങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ മുന്നില്‍ 4 ആഴ്ചക്കകം സമര്‍പ്പിക്കണമെന്നാണ് കോടതി ഉത്തരവ്.

കേന്ദ്ര സര്‍ക്കാര്‍ ആര്‍ത്തവ ശുചിത്വവുമായി ബന്ധപ്പെട്ട ഒരു ഏകീകൃത നയം നടപ്പിലാക്കാന്‍ തയ്യാറാണെന്നും എല്ലാ സംസ്ഥാനങ്ങളുടേയും സഹകരണത്തോടെ ഒരു മാതൃക തയ്യാറാക്കി അത് നടപ്പിലാക്കാന്‍ ശ്രമിക്കാമെന്നും അഡീഷണല്‍ സോളിസ്റ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ട് ബെഞ്ചിനെ അറിയിച്ചു.

ആറ് മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും ആര്‍ത്തവ പാഡ് സൗജന്യമായി നല്‍കണമെന്നും പെണ്‍കുട്ടികള്‍ക്ക് മികച്ച ശൗചാലയമുള്‍പ്പെടെ ഉറപ്പുവരുത്തണമെന്ന ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.

ദേശീയ മാര്‍ഗനിര്‍ദേശങ്ങള്‍ പുനഃപരിശോധിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം രൂപീകരിച്ച മിഷന്‍ സ്റ്റിയറിംഗ് ഗ്രൂപ്പിനോട് കോടതി നിര്‍ദേശിക്കുകയും നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിന് ആരോഗ്യമന്ത്രാലയ സെക്രട്ടറിയെ നാമനിര്‍ദേശം ചെയ്യുകയും ചെയ്തു.

 

Latest News