Wednesday, April 2, 2025

‘ക്രൂരതയില്ലാത്ത ജീവിതം’; മകളുടെ പ്രേരണയില്‍ വീഗന്‍ ആയി മാറിയതായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

മകളുടെ പ്രേരണയില്‍ താന്‍ വീഗന്‍ ആയി മാറിയതായി വ്യക്തമാക്കി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ‘ക്രൂരതയില്ലാത്ത ജീവിതം’ നയിക്കാന്‍ മകള്‍ തന്നോട് ആവശ്യപ്പെട്ടതായും അതാണ് ഈ വീഗന്‍ ആവാനുള്ള തീരുമാനത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

‘എനിക്ക് ഭിന്നശേഷിയുള്ള രണ്ട് പെണ്‍മക്കളുണ്ട്. ഞാന്‍ എന്ത് ചെയ്താലും അവര്‍ എനിക്ക് പ്രചോദനം നല്‍കും. ക്രൂരതയില്ലാത്ത ജീവിതം നയിക്കണമെന്ന് എന്റെ മകള്‍ പറഞ്ഞതിനാലാണ് ഞാന്‍ അടുത്തിടെ സസ്യാഹാരിയായത്’ എന്നാണ് അദ്ദേഹം പറഞ്ഞത്.

ആദ്യം പാലുല്‍പ്പന്നങ്ങളും തേനും ഉപേക്ഷിച്ചാണ് തികച്ചും സസ്യാഹാരമായ ഭക്ഷണക്രമം സ്വീകരിച്ചത്. എന്നാല്‍ പിന്നീട് അത് മാത്രം പോരെന്നും ക്രൂരതയുടെ ഉല്‍പ്പന്നമായ ഒന്നും ധരിക്കാന്‍ പാടില്ലെന്നും മക്കള്‍ പറഞ്ഞു. അങ്ങനെയാണ് അതും ഉപേക്ഷിച്ചതെന്നും ചന്ദ്രചൂഡ് പറയുന്നു.

‘ഞാന്‍ പട്ട് ഉല്‍പന്നങ്ങളോ പുതിയ തുകല്‍ ഉല്‍പ്പന്നങ്ങളോ ഒന്നും വാങ്ങാറില്ല. എന്റെ ഭാര്യയും പട്ട് അല്ലെങ്കില്‍ തുകല്‍ ഉല്‍പ്പന്നങ്ങള്‍ ഒന്നും വാങ്ങില്ല. നമുക്കുള്ളതെല്ലാം വലിച്ചെറിയാന്‍ കഴിയില്ല. പക്ഷേ കുറഞ്ഞപക്ഷം ഇത് കൂടുതല്‍ സസ്യാഹാരിയായ ജീവിതശൈലിയിലേക്കുള്ള ആദ്യപടിയാണ്’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News