Friday, April 11, 2025

രണ്ട് വര്‍ഷം പേഴ്‌സണല്‍ സ്റ്റാഫിലിരുന്നവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന സമ്പ്രദായം രാജ്യത്തെവിടെയുമില്ല; സംസ്ഥാന സര്‍ക്കാരിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ പെന്‍ഷന്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രിംകോടതി. രണ്ട് വര്‍ഷം പേഴ്‌സണല്‍ സ്റ്റാഫിലിരുന്നവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന സമ്പ്രദായം രാജ്യത്തെവിടെയുമില്ല. ഇത്തരത്തില്‍ പെന്‍ഷന്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് ആസ്തിയുണ്ടോയെന്നും കോടതി ചോദിച്ചു. വിപണി വിലയേക്കാള്‍ കൂടുതല്‍ തുക ഡീസലിന് ഈടാക്കുന്നതിനെതിരെ കെ.എസ്.ആര്‍.ടി.സി. നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് അബ്ദുല്‍ നസീറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്.

രണ്ട് വര്‍ഷം പേഴ്‌സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്നവര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ പണം ഉണ്ടല്ലോയെന്ന് കോടതി ചോദിച്ചു. ആസ്തി കൂടുതല്‍ ഉണ്ടെങ്കില്‍ ഇത്തരം കാര്യങ്ങള്‍ക്കാണ് ഉപയോഗിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. രണ്ട് വര്‍ഷം ജോലി ചെയ്യുന്നവര്‍ക്ക് ജീവിതാവസാനം വരെ പെന്‍ഷന്‍ നല്‍കാന്‍ കഴിയുന്ന ഒരു സംസ്ഥാനം എന്തിനാണ് ഡീസല്‍ വില വര്‍ധനവിനെതിരെ കോടതിയെ സമീപിക്കുന്നതെന്ന് സുപ്രീംകോടതി ആരാഞ്ഞു. കെഎസ്ആര്‍ടിസി പെന്‍ഷന്‍ തുക കൃത്യമായി വിതരണം ചെയ്യാത്തത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും കോടതി നിര്‍ദേശം നല്‍കി.

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ പെന്‍ഷനിലൂടെ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പ്രതിവര്‍ഷം ചോരുന്നത് വന്‍ തുകയാണ്. നാല് വര്‍ഷം പൂര്‍ത്തിയാകാതെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ കൊടുക്കരുതെന്ന് പതിനൊന്നാം ശമ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ അത് അംഗീകരിച്ചില്ല. പൂര്‍ണ്ണമായും രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ നിയമിക്കുന്ന പേഴ്‌സണല്‍ സ്റ്റാഫിന് രണ്ട് വര്‍ഷം കഴിയുമ്പോള്‍ തന്നെ മുഴുവന്‍ പെന്‍ഷനും കിട്ടും. മന്ത്രിമാര്‍ക്ക് മാത്രമല്ല പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫിനും സമാനമായി പെന്‍ഷന്‍ കിട്ടും എന്നതിനാല്‍ യുഡിഎഫും എല്‍ഡിഎഫും ഇക്കാര്യത്തില്‍ പരസ്പരം പഴി ചാരാതെ മൗനം പാലിക്കുകയാണ്.

Latest News