വൈകല്യമുള്ള കുട്ടിയെ പരിചരിക്കുന്ന അമ്മമാരെ സംബന്ധിച്ച ചൈല്‍ഡ് കെയര്‍ ലീവ് (സിസിഎല്‍) നയങ്ങള്‍ അവലോകനം ചെയ്യാന്‍ ഹിമാചല്‍പ്രദേശ് സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. വൈകല്യമുള്ള കുട്ടിയെ പരിചരിക്കുന്ന അമ്മയ്ക്ക് ശിശുസംരക്ഷണ അവധി അനിവാര്യമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
ഹിമാചല്‍ പ്രദേശിലെ നലഗഡ് ഗവ. കോളജില്‍ ജ്യോഗ്രഫി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസറായ ഹര്‍ജിക്കാരിയുടെ സിസിഎല്‍ അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.
ഹര്‍ജിക്കാരിയുടെ നിലവിലുള്ള അവധി തീര്‍ന്നതിനെത്തുടര്‍ന്ന് സിസിഎലിന് അപേക്ഷിക്കുകയും എന്നാല്‍ അപേക്ഷ സര്‍ക്കാര്‍ നിരസിക്കുകയും ചെയ്തു. ഇതോടെയാണു സര്‍ക്കാര്‍ നടപടിയെ ചോദ്യംചെയ്തു ഹര്‍ജിക്കാരി സുപ്രീംകോടതിയെ സമീപിച്ചത്.
നിലവിലെ നിയമമനുസരിച്ച് 18 വയസിനു താഴെയുള്ള അംഗപരിമിതരായ കുട്ടികളുടെ സര്‍ക്കാര്‍ ജീവനക്കാരിയായ അമ്മമാര്‍ക്ക് 730 ദിവസം വരെ അവധി ലഭിക്കും. പരീക്ഷയോ അസുഖമോ പോലുള്ള ഏത് ആവശ്യത്തിനും ഈ അവധി ഉപയോഗിക്കാം.