Tuesday, November 26, 2024

കുടിയേറ്റ അസംഘടിത തൊഴിലാളികള്‍ക്ക് മൂന്നു മാസത്തിനകം റേഷന്‍ കാര്‍ഡ് നല്‍കണമെന്ന് സുപ്രീംകോടതി

കുടിയേറ്റ അസംഘടിത തൊഴിലാളികള്‍ക്ക് മൂന്നുമാസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ റേഷന്‍ കാര്‍ഡ് അനുവദിക്കണമെന്ന് സുപ്രീംകോടതി. കേന്ദ്ര സര്‍ക്കാരിന്റെ ഇ- ശ്രാം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് കാര്‍ഡ് വിതരണം ചെയ്യണമെന്നാണ് നിര്‍ദേശം. കുടിയേറ്റത്തൊഴിലാളികളുടെ ദുരിതങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകരായ ഹര്‍ഷ്മന്ദര്‍, അഞ്ജലി ഭരദ്വാജ്, ജഗ്ദീപ് ചോക്കര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എം. ആര്‍. ഷാ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.

ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പരിധിയില്‍നിന്നും ഏകദേശം 10 കോടി ആളുകള്‍ ഒഴിവാക്കപ്പെട്ട അവസ്ഥയിലാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. 2011 സെന്‍സസ് അടിസ്ഥാനത്തിലാണ് ഈ പരിധി നിശ്ചയിച്ചിട്ടുള്ളത്. തൊഴിലാളികള്‍ ഇ -ശ്രാം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അറിയിച്ച് അധികൃതര്‍ വലിയ പ്രചാരണം നടത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. കളക്ടര്‍മാരുടെ ഓഫീസുകള്‍ മുഖേന കൂടുതല്‍ തൊഴിലാളികള്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കണം. കേന്ദ്ര സര്‍ക്കാര്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കണം. ഒക്ടോബര്‍ മൂന്നിന് ഹര്‍ജി വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

Latest News