എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്കാന് വൈകിയ കേരളസര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. സര്‍ക്കാരിന്റെ കണക്കുപുസ്തകത്തില്‍ അല്ല, ഇരകളുടെ കൈകളിലാണ് നഷ്ടപരിഹാരത്തുക എത്തേണ്ടതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജനങ്ങളുടെ ക്ഷേമത്തിനായുള്ള ഒരു സര്‍ക്കാരിനും ഇരകളെ അവഗണിക്കാന്‍ കഴിയില്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇരകള്‍ക്ക് നല്കുന്ന ചികിത്സാസഹായം ഉള്‍പ്പടെയുള്ള കാര്യത്തില്‍ പുതിയ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ ചീഫ് സെക്രട്ടറി വി. പി. ജോയിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു.
2017 ജനുവരിയിലാണ് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്കാന് സുപ്രീം കോടതി ഉത്തരവിട്ടത്. ഉത്തരവിറങ്ങി അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ എല്ലാവര്ക്കും നഷ്ടപരിഹാരം വിതരണം ചെയ്യാത്തതിനെ ജസ്റ്റിസുമാരായ ഡി. വൈ. ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവര്‍ അടങ്ങിയ ബെഞ്ച് വിമര്‍ശിച്ചു. എത്ര ഇരകള്‍ ഇതിനിടയില്‍ മരിച്ചിരിക്കാം എന്ന് കോടതി ചീഫ് സെക്രട്ടറിക്ക് വേണ്ടി ഹാജരായ അഭിഭാഷകനോട് ആരാഞ്ഞു.
ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി 200 കോടി രൂപ ധനകാര്യവകുപ്പ് അനുവദിച്ചിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറിയുടെ അഭിഭാഷകന് കോടതിയെ അറിയിച്ചു. എന്നാല്‍ സര്‍ക്കാരിന്റെ കണക്കുപുസ്തകത്തില്‍ അല്ല, മറിച്ച് ഇരകളുടെ കൈകളിലാണ് നഷ്ടപരിഹാരം എത്തേണ്ടത് എന്ന് കോടതി ചൂണ്ടിക്കാട്ടി. ചീഫ് സെക്രട്ടറിക്ക് എതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്കിയ എട്ട് പേര്‍ക്ക് മാത്രമാണ് ഇതുവരെ നഷ്ടപരിഹാരം നല്‍കിയതെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. 3417 പേര്‍ക്കാണ് നഷ്ടപരിഹാരത്തിന് അര്‍ഹത ഉള്ളതെന്ന് ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചിരുന്നു.