Sunday, November 24, 2024

‘വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ കോടതിയലക്ഷ്യം’; സുപ്രീംകോടതി

മതവിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ അധികൃതര്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്ന് സുപ്രീംകോടതി. വിദ്വേഷ പ്രസംഗം പൂര്‍ണമായും ഒഴിവാക്കേണ്ടത് രാജ്യത്ത് മതസൗഹാര്‍ദം നിലനിര്‍ത്തുന്നതിനുള്ള അടിസ്ഥാന കാര്യമാണ്. ഇവയ്ക്കെതിരെ സമയബന്ധിതമായി അധികൃതര്‍ നടപടികള്‍ സ്വീകരിക്കാത്തത് ഗുരുതരമായി കാണുന്നുവെന്നും സുപ്രീം കോടതി വ്യക്തമാക്കി.

വിദ്വേഷ പ്രസംഗത്തിനെതിരായ വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസുമാരായ കെഎം ജോസഫ്, ബിവി നാഗരത്ന എന്നിവരുടെ ബെഞ്ചാണ് നിരീക്ഷണം നടത്തിയത്. വെറുതെ കേസെടുക്കുന്നതുകൊണ്ട് വിദ്വേഷ പ്രസംഗമുണ്ടാക്കുന്ന പ്രശ്നങ്ങള്‍ ഇല്ലാതാകില്ല. ഇക്കാര്യത്തില്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് കോടതി ചോദിച്ചു.

വിദ്വേഷപ്രസംഗങ്ങള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്ന് ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഡല്‍ഹി സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞ വാദം കേള്‍ക്കലിനിടെ കോടതി നിര്‍ദേശം നല്‍കിയിരുന്നു. പരാതിക്ക് കാത്തുനില്‍ക്കാതെ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുക്കാനും കോടതി നിര്‍ദേശിച്ചു.

 

 

Latest News