ബാബാരാംദേവിന്റെ പതഞ്ജലി കമ്പനിക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കരുതെന്നും തെറ്റായ അവകാശവാദങ്ങള്‍ നടത്തരുതെന്നും കമ്പനിക്ക് സുപ്രീംകോടതി താക്കീതുനല്കി. അലോപ്പതി മരുന്നുകള്‍ക്കും ആധുനിക ചികിത്സാസമ്പ്രദായത്തിനും എതിരെ അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ കനത്ത പിഴ ഈടാക്കും.
ഏതെങ്കിലും രോഗം ഒറ്റയടിക്ക് ഭേദപ്പെടുത്തുമെന്ന വ്യാജ അവകാശവാദം ഉന്നയിച്ച് വിപണിയില്‍ ഇറക്കുന്ന ഓരോ ഉല്‍പ്പന്നത്തിനും ഒരു കോടി രൂപവരെ പിഴ ചുമത്തുമെന്നും- ജസ്റ്റിസുമാരായ അഹ്സനുദീന്‍ അമാനുള്ള, പ്രശാന്ത്കുമാര്‍ മിശ്ര എന്നിവര്‍ അംഗങ്ങളായ ബെഞ്ച് വ്യക്തമാക്കി. ഭാവിയില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന ഒരു പരസ്യവും നല്‍കരുതെന്നും മാധ്യമങ്ങളോട് വീണ്ടുവിചാരമില്ലാത്ത പ്രസ്താവനകള്‍ നടത്തരുതെന്നും കമ്പനിക്ക് നിര്‍ദേശം നല്കി.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. ആരോഗ്യമേഖലയില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന പരസ്യങ്ങള്‍ തടയാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാകുമെന്ന് കോടതിയെ അറിയിക്കണമെന്നും കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്കി.