ഒരേ റാങ്കിന് ഒരു പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ച സൈനികര്‍ക്കുള്ള പെന്‍ഷന്‍ നല്‍കാനുള്ള സമയപരിധി അനിശ്ചിതമായ നീളുന്നതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് താക്കീത് നല്‍കിയത്. സമയപരിധി നീട്ടിയതില്‍ ഏകപക്ഷീയ തീരുമാനം എടുത്തതില്‍ മന്ത്രാലയ സെക്രട്ടറി വ്യക്തിഗത സത്യവാങ്മൂലം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.
കേസില്‍ നേരത്തേ വാദം കേട്ടപ്പോള്‍ മാര്‍ച്ച് 15നു മുന്‍പ് അര്‍ഹരായ എല്ലാവര്‍ക്കും പെന്‍ഷന്‍ കുടിശിക കൊടുത്തു തീര്‍ക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, പിന്നീട് സമയപരിധിയില്‍ സ്വമേധയാ ഭേദഗതി വരുത്തിയ മന്ത്രാലയം നാല് ഗഡുക്കളായി പെന്‍ഷന്‍ കുടിശിക നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
മാര്‍ച്ച് 15 എന്ന സമയപരിധി സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുമ്പോള്‍ എങ്ങനെയാണ് ആറു മാസം വീതമുള്ള നാല് ഗഡുക്കളായി കുടിശിക നല്‍കാന്‍ തീരുമാനിക്കുന്നത് എന്നാണ് ചീഫ് ജസ്റ്റീസ് ഇന്നലെ ചോദിച്ചത്. ഇതില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വെങ്കട്ടരമണന്‍ നല്‍കിയ വിശദീകരണത്തിലും കോടതി തൃപ്തരായില്ല. തുടര്‍ന്നാണ് മന്ത്രാലയത്തിന് നോട്ടീസ് നല്‍കിയത്.