വധശിക്ഷ വിധിക്കുന്നതിലെ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കണമെന്ന നിര്‍ദേശവുമായി സുപ്രീംകോടതി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളില്‍ കുറ്റകൃത്യത്തിന്റെ സ്വഭാവവും ക്രൂരതയും അടിസ്ഥാനമാക്കുന്നതിനൊപ്പം പ്രതി സ്വയം നവീകരിക്കാനുള്ള സാധ്യതകള്‍ കൂടി പരിശോധിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞു.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ഹിമ കോഹ്ലി, പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. ഏഴ് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചുകൊണ്ടായിരുന്നു കോടതിയുടെ നിര്‍ണായക പരാമര്‍ശം.
കേസില്‍ വധശിക്ഷയ്ക്ക് ശിക്ഷിക്കപ്പെട്ട സുന്ദര്‍ ശിക്ഷാ ഇളവ് തേടി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജിക്കാരന്‍ ഉന്നയിച്ച വാദങ്ങളെല്ലാം വിവിധ കോടതികള്‍ വിശദമായി പരിശോധിച്ചതാണ്. ഈ കേസില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളെല്ലാം പരസ്പരബന്ധിതവും ശക്തവുമാണെന്ന് കോടതി കണ്ടെത്തി. അതേസമയം വിചാരണക്കോടതിയില്‍ ശിക്ഷാവിധി സംബന്ധിച്ച് ഗൗരവത്തിലുള്ള വാദം നടന്നിട്ടില്ലെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി.
കൊല്ലപ്പെട്ട കുട്ടിയെക്കുറിച്ചുള്ള വിചാരണക്കോടതി പരാമര്‍ശത്തെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. ‘കുടുംബത്തിലെ പ്രതീക്ഷയായ ഏക ആണ്‍കുട്ടി കൊല്ലപ്പെട്ടതിലൂടെ മാതാപിതാക്കള്‍ക്ക് വലിയ ആഘാതമുണ്ടായി” എന്നായിരുന്നു വിചാരണക്കോടതി പരാമര്‍ശം’ കുട്ടി ആണായാലും പെണ്ണായാലും കൊലപാതകം ഉണ്ടാക്കുന്ന ആഘാതം ഒരുപോലെയാണെന്നും സമൂഹത്തിലെ പുരുഷാധിപത്യ സ്വഭാവത്തിന് ശക്തിപകരുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നും സുപ്രീംകോടതി വിലയിരുത്തി.