വനിതാ സംവരണം ഉടനടി നടപ്പിലാക്കാന്‍ ഉത്തരവിടാനാകില്ലെന്ന് സുപ്രിംകോടതി. പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് കോടതി ചൂണ്ടിക്കാണിച്ചു. അടുത്ത സെന്‍സസിന് ശേഷം മണ്ഡല പുനര്‍നിര്‍ണയം പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ വനിതാ സംവരണം നടപ്പാക്കാന്‍ സാധിക്കൂ. അതുകൊണ്ട് ഈ വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ജസ്റ്റിസ് സഞ്ജീവ് ഖന്ന ഉള്‍പ്പെടുന്ന രണ്ടംഗ ബെഞ്ചിന്റേതാണ് തീരുമാനം. വനിതാ സംവരണം നടപ്പിലാക്കാന്‍ കാലതാമസം വരുത്തുന്നത് എന്തിനാണെന്നും വരുന്ന തെരഞ്ഞെടുപ്പിന് മുന്‍പാകെ നിയമം പ്രാബല്യത്തില്‍ വരുത്തണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്.
കോണ്‍ഗ്രസ് നേതാവ് ജയ താക്കൂര്‍ ആണ് വനിതാ സംവരണ നിയമം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പൊതുതാത്പര്യ ഹര്‍ജി സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചത്. അടുത്ത സെന്‍സസും മണ്ഡലപുനര്‍നിര്‍ണയവും തമ്മില്‍ എന്താണ് ബന്ധമെന്നും ഇത് റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന കാര്യമായതിനാല്‍ ഇടപെടുകയാണേല്‍ ഒരു പുതിയ നിയമനിര്‍മാണം നടത്തുന്നതിന് തുല്യമാകുമെന്നും അത് കോടതിയ്ക്ക് കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.