കലാപം ആളിപ്പടർന്ന മണിപ്പൂരിൽ ആരാധനാലയങ്ങൾ സംരക്ഷിക്കണം എന്നും വീടും സ്ഥലവും വിട്ടുപോകേണ്ടി വന്നവരെ പുനരധിവസിപ്പിക്കുവാനുള്ള നടപടികൾ സ്വീകരിക്കുവാൻ ആവശ്യപ്പെട്ട് സുപ്രീം കോടതി. മണിപ്പൂരിൽ 2 ദിവസമായി അക്രമം നടന്നിട്ടില്ലെന്നും സ്ഥിതി ശാന്തമായെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ സ്വീകരിച്ച നടപടികൾ കേന്ദ്രം കോടതിയിൽ വിശദീകരിച്ചു. കലാപ മേഖലയിൽ 52 കമ്പനി സായുധസേനയെ വിന്യസിച്ചിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു.സ്ഥിതി ഏറക്കുറെ ശാന്തമായതായി കരസേന അറിയിച്ചു. ഇന്നലെ കാര്യമായ അനിഷ്ട സംഭവങ്ങളുണ്ടായില്ല. ഈ മേഖലയിൽ ഡ്രോൺ, ഹെലികോപ്റ്റർ നിരീക്ഷണം തുടരുകയാണ്.
കലാപത്തിൽ 60 പേർ മരിച്ചതായി മുഖ്യമന്ത്രി എൻ.ബിരേൻ സിങ് വെളിപ്പെടുത്തി. 231 പേർക്കു പരുക്കേറ്റു. കലാപകാരികൾ 1700 വീടുകൾ അഗ്നിക്കിരയാക്കി. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായതോടെ കർഫ്യുവിലും മറ്റും പല ഇടങ്ങളിലും ഇളവ് നൽകിയിരുന്നു.