Wednesday, April 16, 2025

ഗംഗാനദിയിലെ കൈയേറ്റത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട് സുപ്രീം കോടതി

ഗംഗാനദിയുടെ തീരത്ത് വർധിച്ചുവരുന്ന കൈയേറ്റങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. ഈ കൈയേറ്റങ്ങളുടെ സ്ഥിതി വിശദീകരിച്ച് നാലാഴ്ചയ്ക്കുള്ളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര സർക്കാരിനോടും ബീഹാർ സർക്കാരിനോടും മറ്റ് ബന്ധപ്പെട്ട അധികാരികളോടും കോടതി നിർദേശിച്ചു. ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് 2025 ഏപ്രിൽ രണ്ടിനു പുറപ്പെടുവിച്ച ഉത്തരവിൽ, വ്യക്തവും സമഗ്രവും സമയബന്ധിതവുമായ ഒരു റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ടു.

പട്‌ന സ്വദേശിയായ അശോക് കുമാർ സിൻഹ സമർപ്പിച്ച അപ്പീൽ പരിഗണിക്കവെയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. “കേസിന്റെ നിലവിലെ സ്ഥിതിയെക്കുറിച്ചുള്ള പൂർണ്ണമായ വിവരങ്ങൾ ആവശ്യമുണ്ട്” എന്ന് നടപടിക്രമത്തിനിടെ ബെഞ്ച് പരാമർശിച്ചതായി സുപ്രീം കോടതി നിർദേശത്തിൽ പറഞ്ഞു. ഇതുവരെ എത്ര കൈയേറ്റങ്ങൾ നീക്കം ചെയ്തുവെന്നും എത്രയെണ്ണം ഇപ്പോഴും അവശേഷിക്കുന്നുവെന്നും അവ നീക്കം ചെയ്യുന്നതിനുള്ള കർമ്മപദ്ധതി എന്താണെന്നും എപ്പോൾ ഈ പ്രക്രിയ പൂർത്തിയാകുമെന്നും സംസ്ഥാന-കേന്ദ്ര സർക്കാരുകളോട് കോടതി ചോദിച്ചു.

വംശനാശഭീഷണി നേരിടുന്ന ഗംഗാ ഡോൾഫിനുകളുടെ നിർണ്ണായക ആവാസകേന്ദ്രമായി വർത്തിക്കുന്ന ബീഹാറിലെ ഗംഗാനദിയുടെ വെള്ളപ്പൊക്ക പ്രദേശങ്ങളിൽ വലിയ തോതിലുള്ള അനധികൃത നിർമ്മാണങ്ങൾ നടക്കുന്നുണ്ടെന്ന് അഡ്വ. ആകാശ് വസിഷ്ഠ് കോടതിയെ അറിയിച്ചു. കൈയേറ്റങ്ങളുടെ നിലവിലെ സ്ഥിതിയെക്കുറിച്ച് ഹർജിക്കാരനായ അശോക് കുമാർ സിൻഹയെ അറിയിക്കണമെന്നും കോടതി നിർദേശിച്ചു. ഗംഗയുടെയും അതിന്റെ പോഷകനദികളുടെയും തീരപ്രദേശങ്ങളുടെ അതിർത്തി നിർണ്ണയിക്കുന്നതിൽ 2016 ലെ ഗംഗാ അതോറിറ്റി ഉത്തരവിലെ കേന്ദ്രനിയമ വ്യവസ്ഥകൾ പാലിക്കുന്നില്ലെന്ന് വസിഷ്ഠ് വാദിച്ചു. ഗംഗാ നദീതടത്തിലെ മിക്ക സംസ്ഥാനങ്ങളും ഈ മേഖലകൾ വേർതിരിക്കുന്നതിൽ ഏകപക്ഷീയവും അശാസ്ത്രീയവുമായ സമീപനം സ്വീകരിക്കുന്നുണ്ടെന്നും ഇത് പാരിസ്ഥിതിക അപകടസാധ്യതകൾ വർധിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News