ഗര്‍ഭഛിദ്രത്തിനുള്ള അവകാശം റദ്ദാക്കാന്‍ യുഎസ് സുപ്രീം കോടതി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഗര്‍ഭഛിദ്രത്തിനുള്ള ഭരണഘടനാ പരിരക്ഷ ഇല്ലാതാക്കാന്‍ ഭൂരിപക്ഷ അഭിപ്രായപ്രകാരം തയാറാക്കിയിരിക്കുന്ന കരട് രേഖ ചോര്‍ന്നതോടെയാണ് ഇതിന്റെ സൂചനകള്‍ പുറത്തേക്കു വന്നത്. ജസ്റ്റീസ് സാമുവല്‍ അലിറ്റോ എഴുതി തയാറാക്കിയ കരടാണ് ചോര്‍ന്നത്.
യഥാസ്ഥിതിക ആധിപത്യമുള്ള കോടതിയില്‍ ഇതു ജഡ്ജിമാര്‍ക്കു പരിശോധിക്കാന്‍ നല്കിയെന്നാണ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. 98 പേജുള്ളതാണ് ഈ കരടു രേഖ. 1973-ലെ റോയ് വി. വേഡിന്റെ ഗര്‍ഭഛിദ്രത്തെ അവകാശമാക്കിയ തീരുമാനം തുടക്കം മുതല്‍ തെറ്റായിരുന്നുവെന്നാണ് കരട് രേഖ വിശേഷിപ്പിക്കുന്നത്.
1973-ലാണ് യുഎസ് പരമോന്നത കോടതി ഗര്‍ഭഛിദ്രം സ്ത്രീകളുടെ ഭരണാഘടനാപ്രകാരമുള്ള അവകാശമാണെന്നു വിധിച്ചത്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മൂന്നു ജസ്റ്റീസുമാരെ നാമനിര്‍ദേശം ചെയ്തതിനെത്തുടര്‍ന്നാണ് ഒന്പതംഗ കോടതിയില്‍ യാഥാസ്ഥിതികര്‍ക്ക് ഭൂരപക്ഷമായത്. കോടതി ജൂണില്‍ ഇപ്പോള്‍ പരിഗണനയിലുള്ള മിസിസിപ്പി ഗര്‍ഭഛിദ്ര കേസില്‍ തീരുമാനം പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷ.
യാഥാസ്ഥിതിക ജസ്റ്റീസുമാരായ ക്ലാരന്‍സ് തോമസ്, നീല്‍ ഗോര്‍സുച്ച്, ബ്രെറ്റ് കവനോവ്, ആമി കോണി ബാരറ്റ് എന്നിവര്‍ കരടിന്റെ രചയിതാവായ അലിറ്റോയ്‌ക്കൊപ്പം ഗര്‍ഭഛിദ്രത്തിനെതിരേ നിലപാട് എടുത്തതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, മൂന്നു ലിബറല്‍ ജസ്റ്റീസുമാര്‍ വിയോജിപ്പിലാണ്. ചീഫ് ജസ്റ്റീസ് ജോണ്‍ റോബര്‍ട്ട്‌സ് എന്തു നിലപാട് സ്വീകരിക്കുമെന്നത് ഇനിയും വ്യക്തമായിട്ടില്ല.
സുപ്രീംകോടതി ഗര്‍ഭഛിദ്രം അവകാശം എടുത്തു കളഞ്ഞാല്‍ അതിന്റെ ചുവടുപിടിച്ചു 26 സംസ്ഥാനങ്ങള്‍ ഗര്‍ഭഛിദ്രം നിരോധിക്കാന്‍ സാധ്യതയുണ്ടെന്നു പ്രോ-ചോയ്‌സ് റിസര്‍ച്ച് ഗ്രൂപ്പായ ഗട്ട്മാക്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പറഞ്ഞു.
അതേസമയം, ഗര്‍ഭഛിദ്രം നിരോധിക്കാനുള്ള നീക്കം അതിശയകരമാണെന്നു രാജ്യത്ത് ഉടനീളം ഗര്‍ഭച്ഛിദ്ര ക്ലിനിക്കുകള്‍ നടത്തുന്ന പ്ലാന്‍ഡ് പാരന്റ്ഹുഡ് പ്രതികരിച്ചു. ഇതിനെതിരേ പോരാട്ടം നടത്തുമെന്നും കൂട്ടിച്ചേര്‍ത്തു.