Monday, April 21, 2025

ഗ്യാൻവാപി മസ്ജിദിലെ സർവേയ്ക്ക് സുപ്രീം കോടതി സ്റ്റേ

ഗ്യാൻവാപി മസ്ജിദിൽ തിങ്കളാഴ്ച രാവിലെ ആരംഭിച്ച ശാസ്ത്രീയ സർവേ തടഞ്ഞ് സുപ്രീം കോടതി. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സർവ്വേ (എ എസ് ഐ) സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പള്ളി കമ്മിറ്റി സമർപ്പിച്ച ഹർജി പരിഗണിച്ചാണ് സ്റ്റേ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് സർവേ നടപടികൾക്ക് സ്റ്റേ അനുവദിച്ചത്.

വാരണാസി ജില്ല കോടതിയുടെ നിർദേശത്തിന് പിന്നാലെ മുപ്പതോളം ഉദ്യോഗസ്ഥരാണ് തിങ്കളാഴ്ച രാവിലെ പരിശോധനയ്ക്കായി ഗ്യാൻവാപി മസ്ജിദിൽ എത്തിയത്. ഇതേ തുടർന്ന് എ എസ് ഐ കനത്ത പൊലീസ് സുരക്ഷയിൽ സർവേ ആരംഭിച്ചിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രിം കോടതി സ്റ്റേ അനുവദിച്ചതെന്ന് ദി ഹിന്ദു റിപ്പോര്‍ട്ടു ചെയ്തു.

ബുധനാഴ്ച അഞ്ച് മണിവരെയാണ് കോടതി സർവേ നടപടികൾ നിർത്തിവയ്ക്കാൻ ഉത്തരവിട്ടിരിക്കുന്നത്. ഇക്കാലയളവിൽ ഹർജിക്കാർക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. അതിനിടെ, സർവേ തടയണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി നൽകിയ ഹർജി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ ഇന്ന് പരാമർശിക്കും.

Latest News