Saturday, April 5, 2025

നോട്ടുനിരോധനം ശരിവെച്ച് സുപ്രീം കോടതി; ഭിന്നവിധിയുമായി ജസ്റ്റിസ് നാഗരത്ന

കേന്ദ്ര സർക്കാരിന്റെ നോട്ടുനിരോധനം ശരിവെച്ച് സുപ്രീം കോടതി. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ പിൻവലിച്ച കേന്ദ്രസർക്കാരിന്റെ 2016-ലെ നടപടിയാണ് സുപ്രീം കോടതി ശരിവെച്ചത്. കേന്ദ്രത്തിന്റെ നടപടിയിൽ എന്തെങ്കിലും തെറ്റുണ്ടെന്ന് പറയാനാവില്ലെന്ന് ആദ്യം വിധിപറഞ്ഞ ജസ്റ്റിസ് ബി.ആർ. ഗവായ് വ്യക്തമാക്കി. ഈ നിലപാടിനോട് മറ്റു മൂന്നു ജഡ്ജിമാർ യോജിച്ചപ്പോൾ ഭിന്നവിധിയാണ് ബെഞ്ചിലെ മറ്റൊരു ജഡ്ജിയായ ബി.വി. നാഗരത്ന സ്വീകരിച്ചത്.

സർക്കാർ വേണ്ടത്ര കൂടിയാലോചനകൾ നടത്തിയെന്നാണ് വ്യക്തമാകുന്നത്. സാമ്പത്തിക വിഷയങ്ങളിൽ സർക്കാരിന് തന്നെയാണ് പരമാധികാരം. നോട്ട് നിരോധനത്തിലൂടെ സർക്കാർ എന്താണോ ലക്ഷ്യമിട്ടത് അത് നേടാനായോ എന്നത് ഇപ്പോൾ പ്രസക്തമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നോട്ട് നിരോധനം റദ്ദാക്കാനാവില്ലെന്ന സർക്കാരിന്റെ നിലപാട് കോടതി അംഗീകരിച്ചു. എന്നാൽ ഗവായിയുടെ വിധിയിൽനിന്നും ഭിന്നവിധിയാണ് ബി.വി നാഗരത്‌നയുടേത്.

നോട്ട് നിരോധനം കേന്ദ്ര സർക്കാർ തീരുമാനമാണെങ്കിൽ അത് ആർബിഐ ചട്ടത്തിന് അനുസൃതമല്ല എന്നും സെക്ഷൻ 26(2) പ്രകാരം നോട്ട് നിരോധനം സംബന്ധിച്ച നിർദ്ദേശം ഉണ്ടാകേണ്ടത് ആർബിഐയുടെ സെൻട്രൽ ബോർഡിൽ നിന്നായിരുന്നു എന്നും നാഗരത്നയുടെ വിധിയിൽ വ്യക്തമാക്കി. എക്സിക്യൂട്ടീവ് വിജ്ഞാപനത്തിലൂടെയല്ല, നിയമനിർമ്മാണത്തിലൂടെയാണ് നോട്ട് നിരോധനം നടപ്പിലാക്കേണ്ടിയിരുന്നത്. രഹസ്യ സ്വഭാവം നിലനിർത്തണമെങ്കിൽ ഓർഡിനൻസ് ഇറക്കാമായിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ ഇതൊന്നും ചെയ്യാതെയാണ് നോട്ട് നിരോധനം നടപ്പിലാക്കിയത് എന്ന് നാഗരത്ന ചൂണ്ടിക്കാട്ടി.

Latest News