Tuesday, November 26, 2024

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വിശാല അധികാരം സുപ്രീം കോടതി ശരിവച്ചു

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) വിപുലമായ അധികാരങ്ങൾ ശരിവച്ച് സുപ്രീം കോടതി. ഇഡിക്ക് വിപുലമായ അധികാരങ്ങൾ നൽകുന്ന കള്ളപ്പണ നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ ചോദ്യംചെയ്തുള്ള 242 ഹർജികളിലാണ് ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധി പറഞ്ഞത്. അറസ്റ്റിനും പരിശോധനകൾക്കും, സ്വത്ത് കണ്ടുകെട്ടാനും ഇഡിക്ക് അധികാരമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ജാമ്യത്തിനുള്ള കർശന വ്യവസ്ഥ ഭരണഘടനാപരമെന്നു കോടതി പറഞ്ഞു. പ്രതികൾക്ക് ഇസിഐആറിൻറെ പകർപ്പ് നൽകേണ്ടതില്ലെന്നും ഇസിഐആറും എഫ്ഐആറും തുല്യമല്ലെന്നും കോടതി വ്യക്തമാക്കി. കുറ്റക്കാരനല്ലെന്നു തെളിയിക്കാനുള്ള ബാധ്യത പ്രതികൾക്ക് മേൽ നിർദ്ദേശിക്കുന്ന സെക്ഷൻ 24 ഭരണഘടനാപരമാണ്. അറസ്റ്റ്, റെയ്ഡ്, സ്വത്തുക്കൾ കണ്ടുകെട്ടൽ തുടങ്ങിയവക്കുള്ള ഇഡിയുടെ അധികാരങ്ങൾ കോടതി ശരിവച്ചു. ഏതാണ്ട് കേന്ദ്രസർക്കാരിന്റെ വാദങ്ങളെല്ലാം തന്നെ അംഗീകരിക്കുന്ന വിധിപ്രസ്താവമാണ് കോടതിയിൽ നിന്ന് ഉണ്ടായത്.

ഇഡിയുടെ അറസ്റ്റ് ചെയ്യാനുള്ള അധികാരം, ജാമ്യം ലഭിക്കുന്നതിനുള്ള കർശന വ്യവസ്ഥകൾ, കുറ്റം ചെയ്തില്ലെന്നു തെളിയിക്കാൻ കുറ്റാരോപിതനു മേലുള്ള ബാധ്യത, ഇഡി ഉദ്യോഗസ്ഥർക്ക് മുൻപിൽ കുറ്റാരോപിതർ നൽകുന്ന മൊഴി കോടതികളിൽ തെളിവായി ഉപയോഗിക്കാനുള്ള അനുമതി ഉൾപ്പെടെയുള്ള കള്ളപ്പണ നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ ഭരണഘടന വിരുദ്ധമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം.

Latest News