തൃശ്ശൂര്‍ ലൂര്‍ദ് പള്ളിയില്‍ മാതാവിന് സ്വര്‍ണ കിരീടം സമര്‍പ്പിക്കാന്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയും കുടുംബവും എത്തി. മകളുടെ വിവാഹത്തോടനുബന്ധിച്ചാണ് സുരേഷ് ഗോപി പള്ളിയില്‍ സ്വര്‍ണ്ണ കിരീടം സമര്‍പ്പിച്ചത്. ജനുവരി 17നാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ഗുരുവായൂരില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെ പങ്കെടുക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
കഴിഞ്ഞ പെരുന്നാളിന് ലൂര്‍ദ് പള്ളിയില്‍ എത്തിയപ്പോള്‍ സുരേഷ് ഗോപി മാതാവിന് സ്വര്‍ണ്ണകിരീടം സമര്‍പ്പിക്കാമെന്ന് നേര്‍ച്ച നല്‍കുകയായിരുന്നു. തുടര്‍ന്നാണ് മകളുടെ വിവാഹത്തോട് അനുബന്ധിച്ച് അദ്ദേഹം സ്വര്‍ണ്ണകിരീടം സമര്‍പ്പിച്ചത്. കിരീടം സമര്‍പ്പിക്കാന്‍ ലൂര്‍ദ് പള്ളിയില്‍ സുരേഷ് ഗോപിയോടൊപ്പം ഭാര്യയും മകളും തൃശൂരിലെ മറ്റു ബിജെപി നേതാക്കളും എത്തിയിരുന്നു.
സ്വര്‍ണ്ണക്കിരീടം സമര്‍പ്പിക്കാനെത്തിയ സുരേഷ് ഗോപിയെയും സംഘത്തെയും പള്ളി വികാരി നേരിട്ടെത്തി സ്വീകരിച്ച് പള്ളിക്കുള്ളിലേക്ക് ആനയിക്കുകയായിരുന്നു. തുടര്‍ന്ന് സുരേഷ് ഗോപി മാതാവിന്റെ തിരുരൂപത്തിന് മുന്നില്‍ സ്വര്‍ണ്ണ കിരീടം സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനാ ചടങ്ങിനു ശേഷം സുരേഷ് ഗോപി താന്‍ കൊണ്ടുവന്ന സ്വര്‍ണ്ണ കിരീടം വികാരിക്ക് കൈമാറി. വികാരി കിരീടം മാതാവിന്റെ തിരുരൂപത്തിന് മുന്നില്‍ നിന്ന് കിരീടം ഏറ്റുവാങ്ങി. തുടര്‍ന്ന് സുരേഷ് ഗോപി മകള്‍ക്കും ഭാര്യക്കുമൊപ്പം ആ കിരീടം മാതാവിന്റെ തലയില്‍ അണിയിക്കുകയായിരുന്നു.