സെർബിയയിൽ ഒരാഴ്ചയ്ക്കിടെ നടന്ന രണ്ടാമത്തെ കൂട്ട വെടിവയ്പിൽ എട്ട് പേർ മരിക്കുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെ ഒരാളെ അറസ്റ്റ് ചെയ്തു. ബെൽഗ്രേഡിന് തെക്ക് 60 കിലോമീറ്റർ (37 മൈൽ) അകലെയുള്ള ഒരു ഗ്രാമത്തിന് സമീപം ആയിരുന്നു ആക്രമണം നടന്നത്. ആക്രമി ഓടുന്ന കാറിൽ നിന്ന് ആളുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തെ തുടർന്ന് രക്ഷപെട്ട പ്രതിയെ വ്യാപകമായ തിരച്ചിലിനു ഒടുവിലാണ് പോലീസ് പിടികൂടിയത്.
ബെൽഗ്രേഡ് സ്‌കൂളിൽ ബുധനാഴ്ച ഒരു ആൺകുട്ടി ഒമ്പത് പേരെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് സെർബിയയിൽ വീണ്ടും വെടിവയ്പ്പ് ഉണ്ടായത്. വെള്ളിയാഴ്ച പ്രാദേശിക സമയം 08:40 ഓടെ പോലീസ് പ്രതിയുടെ അറസ്റ്റ് പ്രഖ്യാപിച്ചു. യുബി എന്ന ഇനീഷ്യലിൽ മാത്രം തിരിച്ചറിഞ്ഞ പ്രതിയെ ക്രാഗുജെവാക്ക് നഗരത്തിന് സമീപം കസ്റ്റഡിയിലെടുത്തതായി ആഭ്യന്തര മന്ത്രാലയവും വെളിപ്പെടുത്തി.
600-ലധികം പോലീസ് ഉദ്യോഗസ്ഥർ ചേർന്ന് നടത്തിയ വ്യാപകമായ അന്വേഷണത്തെ തുടർന്നാണ് അറസ്റ്റ്. അവസാനമായി വെടിവയ്പ്പ് നടന്ന മ്ലാഡെനോവാക്, ഡുബോണ ഗ്രാമങ്ങളിൽ പ്രത്യേക പോലീസ് സേന എത്തിയതായി വെള്ളിയാഴ്ച പുലർച്ചെ സെർബിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
2002 ൽ ജനിച്ചതായി ആഭ്യന്തര മന്ത്രാലയം പറഞ്ഞ പ്രതി – വ്യാഴാഴ്ച വൈകുന്നേരം ദുബോണയിലെ ഒരു പാർക്കിൽ ഒരു പോലീസ് ഉദ്യോഗസ്ഥനുമായി തർക്കിച്ചതിന് ശേഷം ഓട്ടോമാറ്റിക് ആയുധം ഉപയോഗിച്ച് ആളുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ പറയുന്നു.