Friday, April 4, 2025

ഫ്രാന്‍സില്‍ ജൂത സിനഗോഗിന് സമീപം ഭീകരാക്രമണമെന്ന് സംശയം

ഫ്രാന്‍സില്‍ ജൂത സിനഗോഗിന് സമീപത്തായുണ്ടായ സ്‌ഫോടനം ഭീകരാക്രമണമെന്ന് സംശയം. ദക്ഷിണ ഫ്രാന്‍സിലെ ഹെറോള്‍ട്ടിന് സമീപം ലെ ഗ്രാന്‍ഡെ – മോട്ടെയിലെ ബെത്ത് യാക്കോവ് ജൂത സിനഗോഗിന് പുറത്ത് ശനിയാഴ്ച രാവിലെ 9 മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. രണ്ട് കാറുകള്‍ പൂര്‍ണമായും കത്തി നശിച്ചു. സ്‌ഫോടനത്തിനിടെ പ്രദേശത്തെ ഒരു മുനിസിപ്പല്‍ പൊലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റു.

ഒരാള്‍ സിനഗോഗിന് മുന്നില്‍ വാഹനങ്ങള്‍ക്ക് തീയിടുന്നതിന്റെ ദൃശ്യങ്ങള്‍ നഗരത്തിലെ നിരീക്ഷണ ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. സ്‌ഫോടനത്തെ ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് മൗസ ഡാര്‍മനിന്‍ അപലപിച്ചു. സ്‌ഫോടനത്തെ തുടര്‍ന്ന് രാജ്യത്തെ ജൂത സിനഗോഗുകളുടെ സുരക്ഷ ശക്തിപ്പെടുത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഫ്രാന്‍സില്‍ വളര്‍ന്നുവരുന്ന യഹൂദ വിരുദ്ധതയെ അപലപിക്കുന്നതായും സ്‌ഫോടനത്തിന് പിന്നിലെ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഫസ്റ്റ് സെക്രട്ടറിയായ ഫാബിന്‍ റൗസല്‍ ആവശ്യപ്പെട്ടു. സ്‌ഫോടനം നടന്ന ലാ മോട്ടെ നഗരം ദക്ഷിണ ഫ്രാന്‍സിലെ പ്രശസ്തമായ കടല്‍ത്തീര വിനോദ സഞ്ചാര കേന്ദ്രമാണ്. എല്ലാ വര്‍ഷവും ഒരു ലക്ഷത്തിലധികം വിനോദസഞ്ചാരികളാണ് മേഖലയില്‍ സന്ദര്‍ശനം നടത്താറുള്ളത്.

 

Latest News