തിരഞ്ഞെടുപ്പ് നടത്താന്‍ വൈകുന്നതില്‍ ഇന്ത്യൻ ഗുസ്തി ഫെഡറേഷനെതിരെ കടുത്ത നടപടി സ്വീകരിച്ച് ലോക ഗുസ്തി ഫെഡറേഷൻ. ഡബ്ല്യു.എഫ്.ഐയെ സസ്പെന്‍ഡ് ചെയ്തതായി ലോക ഗുസ്തി ഫെഡറേഷൻ അറിയിച്ചു. ഇതോടെ സസ്പെൻഷൻ മാറുന്നതുവരെ ഇന്ത്യൻ താരങ്ങൾക്ക് ദേശീയപതാകയ്ക്കുകീഴിൽ മത്സരിക്കാനാവില്ല.
മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചതുമുതൽ നിരവധി വിവാദങ്ങളിലൂടെയാണ് ദേശീയ ഗുസ്തി ഫെഡറേഷൻ കടന്നുപോകുന്നത്. മൂന്നുതവണയായി ഡബ്ല്യു.എഫ്.ഐ തിരഞ്ഞെടുപ്പ് നടത്താന്‍ നിശ്ചയിച്ചെങ്കിലും ഓരോ കാരണങ്ങളാല്‍ ഇത് മാറ്റിവയ്ക്കുകയായിരുന്നു. ഇതേ തുടര്ന്നാണ്കടുത്ത നടപടിയുമായി ലോക ഗുസ്തി ഫെഡറേഷൻ രംഗത്തെത്തിയത്.
മെയ് ഏഴിന് ഗുസ്തി ഫെഡറേഷനിലേക്ക് തിരഞ്ഞെടുപ്പ് നടന്നെങ്കിലും കേന്ദ്ര കായികമന്ത്രാലയം ഇത് അസാധുവാക്കി. പിന്നീട് തിരഞ്ഞെടുപ്പ് നടത്താൻ ശ്രമിച്ചപ്പോഴൊക്കെ സംസ്ഥാന ഫെഡറേഷനുകൾ അതൃപ്തി പ്രകടിപ്പിച്ചു. വോട്ടെടുപ്പിൽ പങ്കെടുക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിൽ സംസ്ഥാന ഫെഡറേഷനുകൾ കോടതിയെ സമീപിച്ചു. മുമ്പ് ബ്രിജ്ഭൂഷൺ ശരൺസിംഗിനെതിരായ ലെെംഗികാരോപണത്തിൽ ഇന്ത്യൻ ഗുസ്തി ഫെഡറേഷന് ജനുവരിയിലും മെയിലും രണ്ടുതവണ വിലക്കേർപ്പെടുത്തിയിരുന്നു. തുടർന്ന് താൽക്കാലിക സമിതിയാണ് ഇന്ത്യൻ ഗുസ്തിയെ നയിച്ചത്.
അതേസമയം, സസ്പെന്ഷന് നിലനില്‍ക്കുന്നതിനാല്‍ സെപ്റ്റംബർ 16-നു തുടങ്ങുന്ന ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരങ്ങൾക്ക് ദേശീയപതാകയ്ക്കു കീഴിൽ മത്സരിക്കാനാവില്ല. മറിച്ച് ഇവര്‍ക്ക് നിഷ്പക്ഷ ബാനറിനുകീഴില്‍ മത്സരിക്കാം.