Saturday, April 19, 2025

സത്യപ്രതിജ്ഞ: ഗവര്‍ണറുടെ തീരുമാനം വൈകുന്നു

സജി ചെറിയാന്‍റെ സത്യപ്രതിജ്ഞയില്‍ ഗവര്‍ണറുടെ തീരുമാനം വൈകാന്‍ സാധ്യത. കൂടുതല്‍ നിയമോപദേശം തേടുന്നതിന്‍റെ ഭാഗമായാണ് തീരുമാനം വൈകാന്‍ സാധ്യതയെന്നാണ് പുറത്തുവരുന്ന വിവരം.

കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ലഭിച്ച നിയമോപദേശത്തില്‍ “കുറ്റ വിമുക്തനായ ശേഷം ഗവര്‍ണര്‍ക്ക് തീരുമാനമെടുക്കാം തിടുക്കപ്പെട്ട് തീരുമാനം വേണ്ടാ” എന്നായിരുന്നു. ഇതേത്തുടര്‍ന്നാണ് രാജ്ഭവന്‍ ഭരണഘടനാ വിദഗ്ധരുമായി കൂടുതല്‍ നിയമോപദേശം തേടാന്‍ തയ്യാറായത്. അതേസമയം ജനുവരി നാലിന് സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ നടത്തണമെന്നായിരുന്നു മുഖ്യമന്ത്രി ഗവര്‍ണറോട് ശുപാര്‍ശ ചെയ്തത്.

എന്നാല്‍ ഭരണഘടനയെ അവഹേളിച്ചതിന്‍റെ പേരില്‍ രാജി വയ്ക്കേണ്ടി വന്ന ചെറിയാനെ തിരിച്ചെടുക്കുന്നതില്‍ അസാധാരണത്തം ഉണ്ടെന്നാണ് രാജ്ഭവന്‍റെ വിലയിരുത്തല്‍. കൂടാതെ ഇതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന കേസില്‍ തിരുവല്ല കോടതിയും വിധി പറഞ്ഞിട്ടില്ല. ഇതിനെത്തുടര്‍ന്നാണ് അറ്റോര്‍ണി ജനറല്‍ ഉള്‍പ്പടെ കൂടുതല്‍ നിയമ വിദഗ്ധരുമായി വിഷയത്തില്‍ നിയമോപദേശം ഗവര്‍ണര്‍ തേടിയിരിക്കുന്നത്.

കഴിഞ്ഞ ജൂലൈ 3-ന് മല്ലപ്പള്ളിയിൽ പാർട്ടി പരിപാടിയ്‌ക്കിടെയായിരുന്നു സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗം. തുടര്‍ന്ന് ചെറിയാന്‍റെ രാജി ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം നടന്നിരുന്നു. ഇതിന്‍റെ ഭാഗമായി നടന്ന കടുത്ത പ്രതിഷേധത്തിനൊടുവിലാണ് ജൂലൈ ആറിന് സജി ചെറിയാൻ രാജിവെച്ചത്. എന്നാല്‍ പ്രസംഗത്തിന്റെ അടിസ്ഥാനത്തിൽ സജി ചെറിയാനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന ഹർജി ഹൈക്കോടതിയും നേരത്തെ തള്ളിയിരുന്നു.

Latest News