അന്താരാഷ്ട്ര സൈനിക സഖ്യമായ നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ (നാറ്റോ) പ്രവേശനത്തിനായി സ്വീഡനും ഫിന്‍ലന്‍ഡും തുര്‍ക്കിയുമായി ചര്‍ച്ച നടത്തും. ഈജിപ്തിലെ ശറമുശൈഖില്‍ മാര്‍ച്ച് ഒന്‍പതിനാണ് കൂടിക്കാഴ്ച നടക്കുന്നത്. ഈ വര്‍ഷം ആദ്യം നടക്കേണ്ടിയിരുന്ന ചര്‍ച്ച വിവിധ കാരണങ്ങളാല്‍ മാറ്റുകയായിരുന്നു.
നാറ്റോയില്‍, ഒരു രാജ്യത്തിന് അംഗത്വം സ്വീകരിക്കുന്നതിന് നിലവിലെ അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. എന്നാല്‍ കുര്‍ദ് വിമതര്‍ക്ക് പിന്തുണ നല്‍കിയെന്ന് ആരോപിച്ച് സ്വീഡനെ നാറ്റോയില്‍ പ്രവേശിപ്പിക്കുന്നതിന് എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് ചര്‍ച്ചയിലൂടെ, തുര്‍ക്കിയുമായി പ്രശ്നം പരിഹരിക്കാന്‍ സ്വീഡന്‍ പദ്ധതിയിട്ടിരിക്കുന്നത്. സ്വീഡനിലെ തുര്‍ക്കി എംബസിക്കു മുന്‍പില്‍ നടന്ന പ്രതിഷേധവും ഖുർ-ആന്‍ കത്തിക്കലും ചര്‍ച്ചകള്‍ നീണ്ടുപോകാന്‍ കാരണമാവുകയായിരുന്നു. നിലവില്‍ ഫിന്‍ലാന്‍ഡിന് നാറ്റോ അംഗത്വം സ്വീകരിക്കുന്നതിന് തടസങ്ങളില്ല.
എന്താണ് നാറ്റോ?
ബാഹ്യശക്തികളിൽ നിന്നുള്ള ആക്രമണമുണ്ടായാൽ അംഗരാഷ്ട്രങ്ങൾ ഒരുമിച്ചുനിന്ന് അതിനെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ 1949 -ല്‍ ആരംഭിച്ച സംഘടനയാണ് ഇത്. 12 രാഷ്ട്രങ്ങൾ ചേർന്ന് ആരംഭിച്ച ഈ സഖ്യത്തിൽ ഇപ്പോൾ 30 അംഗരാഷ്ട്രങ്ങളുണ്ട്. 1949 -ൽ രൂപം കൊടുത്ത സൈനിക സഖ്യത്തിൽ യു.കെ, ഫ്രാൻസ്, ബെൽജിയം, ഡെന്മാർക്ക്, ഇറ്റലി, ഐസ്‌ലൻഡ്, ലക്സംബർഗ്, നെതർലാൻ്റ്, നോർവേ, പോർച്ചുഗൽ, അമേരിക്കൻ ഐക്യനാടുകൾ, കാനഡ എന്നിവയായിരുന്നു 12 സ്ഥാപകാംഗങ്ങൾ. ബെൽജിയത്തിലെ ബ്രസൽസിലാണ് ഇതിന്റെ ആസ്ഥാനം.