കടലിനടിയിലെ കേബിളുകൾ തകർത്ത സംഭവത്തിൽ ചൈനീസ് കപ്പലിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ തങ്ങൾ മുന്നോട്ട് പോകുകയാണെന്ന് വെളിപ്പെടുത്തി സ്വീഡിഷ് പോലീസ്. അന്വേഷണത്തിന്റെ കേന്ദ്രമായ യി പെങ് 3 കപ്പലിൽ ചൈനീസ് അധികാരികൾ പരിശോധന നടത്തിയെന്നും സ്വീഡിഷ് പോലീസ് വ്യാഴാഴ്ച അറിയിച്ചു.
നവംബറിൽ രണ്ട് അണ്ടർസീ ഫൈബർ-ഒപ്റ്റിക് കേബിളുകൾ തകർത്തതിനെക്കുറിച്ച് കുറിച്ചുള്ള അന്വേഷണങ്ങൾ ചെന്നെത്തിയത് യി പെങ് 3 കപ്പലിൽ ആയിരുന്നു. നവംബർ 15 ന് റഷ്യൻ തുറമുഖമായ ഉസ്റ്റ്-ലുഗയിൽ നിന്ന് പുറപ്പെട്ട കപ്പലിനെക്കുറിച്ച് അന്വേഷകർ വിവരങ്ങൾ ശേഖരിച്ചു. കേബിളുകൾ തകർക്കപ്പെട്ട സമയത്ത് കപ്പൽ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു എന്ന് മറൈൻ ട്രാഫിക് ഡാറ്റയുടെ വിശകലനത്തിൽ കണ്ടെത്തിയതോടെ അന്വേഷണം കപ്പലിനെയും അതിന്റെ പിന്നിലെ ശക്തികളെയും കേന്ദ്രീകരിച്ചാവുകയായിരുന്നു.
“സമാന്തരമായി, ബാൾട്ടിക് കടലിലെ രണ്ട് കേബിൾ തകർച്ചകളുമായി ബന്ധപ്പെട്ട അട്ടിമറിയെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണം തുടരുകയാണ്”, പോലീസ് പ്രസ്താവനയിൽ പറഞ്ഞു. വ്യാഴാഴ്ച കപ്പലിൽ നടത്തിയ നടപടികൾ സ്വീഡിഷ് നേതൃത്വത്തിലുള്ള പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമല്ലെന്നും പോലീസ് കൂട്ടിച്ചേർത്തു.
ഫിൻലൻഡിനെയും ജർമ്മനിയെയും ബന്ധിപ്പിക്കുന്ന ബാൾട്ടിക് കടൽ കേബിളുകൾക്കും സ്വീഡനെ ലിത്വാനിയയുമായി ബന്ധിപ്പിക്കുന്ന മറ്റൊന്നിനും നവംബർ 17,18 തീയതികളിൽ ആണ് കേടുപാടുകൾ സംഭവിച്ചത്. ഇത് അട്ടിമറി മൂലമാണെന്ന് ജർമ്മൻ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ് പറഞ്ഞു. സ്വീഡന്റെ പ്രത്യേക സാമ്പത്തിക മേഖലയിലാണ് ലംഘനങ്ങൾ നടന്നത്. അതിനാൽ തന്നെ അട്ടിമറിക്ക് സാധ്യതയുണ്ടെന്ന സംശയത്തിൽ സ്വീഡിഷ് പ്രോസിക്യൂട്ടർമാർ അന്വേഷണത്തിന് നേതൃത്വം നൽകിവരുന്നു.
ചൈനീസ് കപ്പലാണ് രണ്ട് കേബിളുകൾക്കും വിള്ളൽ വരുത്തിയതെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്ന് ഒന്നിലധികം രാജ്യങ്ങളിൽ നിന്നുള്ള പാശ്ചാത്യ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു. എന്നാൽ ഇവ അപകടങ്ങളാണോ അതോ മനപ്പൂർവ്വം സംഭവിച്ചതാണോ എന്ന കാര്യത്തിൽ അവർ വ്യത്യസ്ത കാഴ്ചപ്പാടുകൾ പ്രകടിപ്പിച്ചിട്ടുണ്ട്. അന്വേഷണത്തെ സഹായിക്കുന്നതിനായി കപ്പൽ സ്വീഡനിലേക്ക് മടങ്ങണമെന്ന് സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സൺ അഭ്യർത്ഥിച്ചു.