ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിയില്‍ ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം ഏറ്റവുമധികം ആളുകള്‍ ആവശ്യപ്പെട്ട ഭക്ഷണം ബിരിയാണിയാണെന്ന് റിപ്പോര്‍ട്ട്. തുടര്‍ച്ചയായി എട്ടാം വര്‍ഷമാണ് ബിരിയാണി ഈ സ്ഥാനത്ത് എത്തുന്നത്. കഴിഞ്ഞ ദിവസമാണ് സ്വിഗ്ഗിയില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം ഓര്‍ഡര്‍ ചെയ്ത ഭക്ഷണങ്ങളുടെ പട്ടിക പുറത്ത് വന്നത്. ഹൈദരബാദില്‍ മാത്രം ഓരോ സെക്കന്‍ഡിലും 2.5 ബിരിയാണികളാണ് ഓര്‍ഡര്‍ ചെയ്യപ്പെട്ടതെന്നാണ് പുറത്ത് വന്ന കണക്ക് വിശദമാക്കുന്നത്. ബിരിയാണി തീറ്റയില്‍ രാജ്യത്തെ മറ്റ് നഗരങ്ങളെ പിന്തള്ളിയിരിക്കുന്നതും ഹൈദരബാദാണ്.
ലഭിച്ച ആറ് ഓര്‍ഡറുകളില്‍ ഒന്ന് എന്ന കണക്കിലാണ് ഹൈദരബാദിന്റെ ബിരിയാണി പ്രേമം. നവംബര്‍ 19 ന് നടന്ന ലോകകപ്പ് ഫൈനല്‍ ദിനത്തില്‍ 188 പിസ വീതമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഓരോ മിനിറ്റിലും ഓര്‍ഡര്‍ ചെയ്യപ്പെട്ടത്. ചെന്നൈ, ദില്ലി, ഹൈദരബാദ് എന്നീ നഗരങ്ങളില്‍ നിന്നാണ് ഏറ്റവുമധികം ഓര്‍ഡറുകള്‍ സ്വിഗ്ഗിയിലേക്ക് എത്തിയത്.
ഭക്ഷണത്തിനായി രാജ്യത്ത് സ്വിഗ്ഗിയിലൂടെ ഏറ്റവുമധികം പണം ചെലവിട്ടത് ഒരു മുംബൈ സ്വദേശിയാണ്. 42.3 ലക്ഷം രൂപയ്ക്കാണ് ഇയാള്‍ സ്വിഗ്ഗിയിലൂടെ 2023ല്‍ മാത്രം ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. ദുര്‍ഗാ പൂജ സമയത്ത് ഏറ്റവുമധികം ഓര്‍ഡര്‍ ലഭിച്ചത് ഗുലാബ് ജാമൂനിനായിരുന്നു. നവരാത്രി സമയത്ത് മസാല ദോശയ്ക്കായിരുന്നു ഡിമാന്റ്. കേക്ക് ഏറ്റവുമധികം ആളുകള്‍ ആവശ്യപ്പെട്ടത് ബെംഗളുരു നഗരത്തിലാണ്. 8.5 മില്യണ്‍ ഓര്‍ഡറുകളാണ് ചോക്ക്‌ളേറ്റ് കേക്കിന് മാത്രമായി ലഭിച്ചത്.