ആഫ്രിക്കൻ പന്നിപ്പനി വിട്ടൊഴിയാതെ ജില്ലയിലെ ഫാമുകൾ. മാനന്തവാടി പയ്യമ്പള്ളി കുറുക്കൻമൂല ചെറുകരമാലിൽ ബൈജു മാത്യുവിന്റെ ഫാമിലാണ് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്.
ഫാമിലെ പന്നികൾ ചത്തതിനെത്തുടർന്ന് സാംപിൾ ശേഖരിച്ച് ബെംഗളൂരുവിലെ സതേൺ റീജണൽ ഡയഗ്നോസ്റ്റിക് ലബോറട്ടറിയിൽ പരിശോധനയ്ക്കയച്ചിരുന്നു. റിപ്പോർട്ട് പോസിറ്റീവായതിനെത്തുടർന്നാണ് ഈ ഫാമിൽ ശേഷിക്കുന്ന ഒമ്പതുപന്നികളെ കൊല്ലാൻ തീരുമാനിച്ചത്. ഫാമിലെ മുപ്പതോളം പന്നികൾ രോഗം ബാധിച്ച് ചത്തതായാണ് പ്രാഥമികവിവരം.
രോഗപ്രതിരോധത്തിന്റെ ഭാഗമായി സമീപത്തുള്ള പുതുച്ചിറ ഹൗസിൽ പി.പി. ജോൺസണിന്റെ 81 പന്നികളെയും വടക്കേതോട്ടത്തിൽ ഹൗസിൽ വി.സി. അജീഷിന്റെ ഫാമിലെ 34 പന്നികളെയും തിങ്കളാഴ്ച വൈകീട്ട് ആറരയോടെ കൊന്നൊടുക്കി. കിഴക്കേടത്ത് ഹൗസിൽ ആലിക്കുട്ടിയുടെ 55 പന്നികളെയും മഞ്ഞൂറാൻ വത്സയുടെ 70 പന്നികളെയും ബൈജു മാത്യുവിന്റെ ഒമ്പതുപന്നികളെയും കൊല്ലാൻ തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ ജൂലൈയിലാണ് സംസ്ഥാനത്ത് ആദ്യമായി പന്നിപ്പനി സ്ഥിരീകരിച്ചത്. തവിഞ്ഞാൽ കരിമാനി കൊളങ്ങോട്ടിലെ മുല്ലപ്പറമ്പിൽ എം.വി. വിൻസെന്റിന്റെ ഫാമിലാണ് ആദ്യം രോഗം റിപ്പോർട്ടുചെയ്തത്. ഇതുവരെ 989 പന്നികളെയാണ് ആഫ്രിക്കൻ പന്നിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ കൊന്നൊടുക്കിയത്. ശേഷിക്കുന്ന 134 പന്നികളെക്കൂടി കൊല്ലുന്നതോടെ ഇത് 1123 ആകും.