Tuesday, January 21, 2025

സ്വിറ്റ്സർലൻഡിൽ ബുർഖ നിരോധനം പ്രാബല്യത്തിൽ വന്നു

സ്വിറ്റ്‌സർലൻഡിൽ ബുർഖ നിരോധന നിയമം ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ബുർഖ നിരോധിക്കുന്നതിനെതിരെ മുസ്ലീം സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും അതിനെയെല്ലാം മറികടന്ന് നിയമം പാസാക്കുകയായിരുന്നു.

പുതിയ നിയമപ്രകാരം രാജ്യത്തെ പൊതുസ്ഥലങ്ങൾ, ഓഫീസുകൾ, കടകൾ, റസ്റ്റോറന്റുകൾ എന്നിവിടങ്ങളിൽ മുഖം മറച്ചെത്തുന്നത് നിരോധിക്കും. മുഖം മറയ്ക്കുന്നവർ 1000 സ്വിസ് ഫ്രാങ്ക് പിഴയടക്കണം. 2022 മുതലാണ് ബുർഖ നിരോധനത്തെ സംബന്ധിക്കുന്ന ചർച്ചകൾ രാജ്യത്ത് ആരംഭിച്ചത്. ഇതിനായി നടത്തിയ ജനഹിത പരിശോധനയിൽ 51.2 % ആളുകളും ബുർഖ നിരോധിക്കാൻ അനുകൂലമായ അഭിപ്രായം പ്രകടിപ്പിച്ചു. ഇതേ തുടർന്നാണ് നിയമമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്.

ജർമനിയിലെ ലൂസേൺ സർവകലാശാലയുടെ ഗവേഷണമനുസരിച്ച്, സ്വിറ്റ്സർലൻഡിൽ മിക്കവാറും ആരും ബുർഖ ധരിക്കുന്നില്ല. വളരെ കുറച്ചു സ്ത്രീകൾ മാത്രമാണ് നിഖാബ് ധരിക്കുന്നത്. 8.6 ദശലക്ഷം ജനസംഖ്യയുള്ള സ്വിറ്റ്സർലൻഡിലെ ജനസംഖ്യയുടെ 5% മുസ്ലീങ്ങളാണ്. അവരിൽ ഭൂരിഭാഗവും തുർക്കി, ബോസ്നിയ, കൊസോവോ എന്നിവിടങ്ങളിൽ നിന്നുള്ളവരും.

മുസ്ലീം സമൂഹവും ആംനസ്റ്റി ഇന്റർനാഷണൽ പോലുള്ള മനുഷ്യാവകാശ സംഘടനകളും നിരോധനം പാസാക്കിയതിനെ വിമർശിച്ചു. ഒരു പ്രസ്താവനയിൽ ആംനസ്റ്റി ഇന്റർനാഷണൽ നിരോധനത്തെ “അഭിപ്രായസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും ഉൾപ്പെടെയുള്ള സ്ത്രീകളുടെ അവകാശങ്ങൾ ലംഘിക്കുന്ന അപകടകരമായ നയം” എന്ന് വിശേഷിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News