ഫെബ്രുവരി 6 ന് തെക്കന്‍ തുര്‍ക്കിയെയും, വടക്കന്‍ സിറിയയെയും പിടിച്ചുകുലുക്കിയ ശക്തമായ ഭൂകമ്പത്തെ അതിജീവിച്ച 3.7 ദശലക്ഷം കുട്ടികള്‍ക്ക് വിവിധ തരത്തിലുള്ളതും, കൂടുതല്‍ വിനാശകരവുമായ ഭീഷണികള്‍ നേരിടേണ്ടി വരുന്നതായി യൂണിസെഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കാതറിന്‍ റസ്സല്‍ പറഞ്ഞു. അലപ്പോയില്‍, 250 ലധികം കുട്ടികള്‍ക്കായി ഒരുക്കിയിരിക്കുന്ന ഒരു താല്‍ക്കാലിക പഠന കേന്ദ്രത്തില്‍ റസ്സല്‍ കുട്ടികളുമായി കൂടിക്കാഴ്ച നടത്തി.
കുട്ടികളില്‍ ഭൂകമ്പത്തിന്റെ വൈകാരികവും മാനസികവുമായ ആഘാതവും, പലായനം ചെയ്ത കുടുംബങ്ങള്‍ക്ക് സാംക്രമിക, സമ്പര്‍ക്ക, ജലജന്യ രോഗങ്ങളുടെ വര്‍ദ്ധിച്ച ഭീഷണിയും, 12 വര്‍ഷത്തോളമായി സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന ഇടങ്ങളിലെ കുടുംബങ്ങള്‍ക്ക് അടിസ്ഥാന സേവനങ്ങളുടെ അഭാവവുമുണ്ട്. ഇവ ദുരിതബാധിതരായ കുട്ടികള്‍ക്ക് തുടര്‍ച്ചയായ ദുരന്തങ്ങള്‍ സൃഷ്ടിക്കുന്നു.
നിരവധി കുടുംബങ്ങള്‍ ഇപ്പോഴും പലായനം ചെയ്യുകയും ഇടുങ്ങിയ സാഹചര്യങ്ങളില്‍ താല്‍ക്കാലിക സങ്കേതങ്ങളില്‍ താമസിക്കുകയും ചെയ്യുന്നുണ്ട്. കോളറ, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ പടരുന്നത് തടയുന്നതിന് ശുദ്ധജലവും ലഭ്യമാക്കേണ്ടത് അത്യാവശ്യമാണ്. ഭൂകമ്പം ബാധിച്ച 2.6 ദശലക്ഷം കുട്ടികള്‍ ഉള്‍പ്പെടെ 5.4 ദശലക്ഷം ജനങ്ങള്‍ക്ക് അടിയന്തര ജീവന്‍ രക്ഷാ സഹായം നല്‍കുന്നതിന് യൂണിസെഫ് 172.7 ദശലക്ഷം യുഎസ് ഡോളര്‍ ആവശ്യപ്പെടുകയും ചെയ്തു.