സിറിയൻ സുരക്ഷാസേന നടത്തിയ കുപ്രസിദ്ധമായ സിവിലിയൻ കൂട്ടക്കൊലയിൽ പങ്കുണ്ടെന്ന് അവകാശപ്പെടുന്ന മൂന്നുപേരെ ഡമാസ്കസിലെ അധികൃതർ അറസ്റ്റ് ചെയ്തു. 2013 ൽ ഡമാസ്കസിൽ സർക്കാർസേന സാധാരണക്കാരായ മുന്നൂറോളം പേരെ വധിച്ച കേസിലും ഇവർക്ക് പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നു. കുറ്റവാളികൾതന്നെ ഇത് വീഡിയോയിൽ പകർത്തിയിരുന്നു.
സംഭവത്തിൽ ഏകദേശം 500 പേർ കൊല്ലപ്പെട്ടതായി അവർ സമ്മതിച്ചിട്ടുണ്ട്. സിറിയൻ സൈനിക ഇന്റലിജൻസിലെ യൂണിഫോം ധരിച്ച അംഗങ്ങൾ അസദ് അനുകൂല മിലിഷ്യമാരുമായി ചേർന്ന് 12 കുട്ടികളുൾപ്പെടെ 288 പേരെ കൊലപ്പെടുത്തുന്നതായി ഇരുപതോളം വീഡിയോകളിൽ കാണിച്ചിരുന്നു. അവരുടെ മൃതദേഹങ്ങൾ കത്തിച്ച്, ഒരു ബുൾഡോസർ ഉപയോഗിച്ച് കുഴിച്ചിട്ടു. തലസ്ഥാനത്തിന്റെ പ്രാന്തപ്രദേശങ്ങളിലെ പ്രദേശങ്ങൾക്കായി സിറിയൻ സർക്കാരും വിമതരും തമ്മിൽ പോരാട്ടം നടന്നിരുന്ന 2013 ഏപ്രിലിലേതാണ് ഈ ദൃശ്യങ്ങൾ.
ഡമാസ്കസിലെ ഒരു ടെക്നീഷ്യൻ, സിറിയൻ സർക്കാരിന്റെ ലാപ്‌ടോപ്പിൽനിന്ന് ദൃശ്യങ്ങൾ കണ്ടെത്തി പാരീസിലെ ആക്ടിവിസ്റ്റുകൾക്ക് രഹസ്യമായി അയച്ചു. അവർ ഈ വീഡിയോകൾ നെതർലാൻഡ്‌സിലെ ഗവേഷകരായ ആൻസാർ ഷഹൂദ്, ആംസ്റ്റർഡാം സർവകലാശാലയിലെയും എൻ ഐ ഒ ഡി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാർ, ഹോളോകോസ്റ്റ് ആൻഡ് ജെനോസൈഡ് സ്റ്റഡീസിലെയും പ്രൊഫ. ഉഗുർ ഉമിത് ഉൻഗോർ എന്നിവർക്കു കൈമാറുകയും ചെയ്തു.
കൂട്ടക്കൊലയുടെ സൂത്രധാരനായ സിറിയൻ സൈനിക ഇന്റലിജൻസ് ഉദ്യോഗസ്ഥനായ അംജദ് യൂസഫ് ആയി ഇപ്പോഴും ഒളിവിലാണ്. 2023 ൽ യൂസഫിനും കുടുംബത്തിനുംമേൽ ഉപരോധം ഏർപ്പെടുത്തിയതായി യു എസ് സർക്കാർ പ്രഖ്യാപിച്ചു. അസദിന്റെ പതനത്തിനുശേഷമുള്ള ദിവസങ്ങളിൽ യൂസഫിന്റെ മേലുദ്യോഗസ്ഥനായ സാലിഹ് അൽ-റാസിനെ അറസ്റ്റ് ചെയ്തതായി സിറിയൻ അധികൃതർ പ്രഖ്യാപിച്ചു.