മദ്യവും മയക്കു മരുന്നും കൊണ്ട് ലഹരി മാഫിയ കേരള സംസ്ഥാനത്ത് അഴിഞ്ഞാടുകയാണ്.അടുത്തയിടെ സമൂഹത്തെ ഞെട്ടിച്ച കൂട്ടക്കൊലപാതകങ്ങൾക്ക് പിന്നിലും പ്രതികൾ ലഹരിക്ക് അടിമകളാണെന്ന് വ്യക്തമായിട്ടുണ്ട്.സംസ്ഥാനത്ത് സിന്തറ്റിക്ക് ഡ്രഗ് അഥവാ രാസലഹരി വ്യാപനം വർധിച്ചിരിക്കുന്നു.യുവാക്കളിലും സ്‌കൂള്‍ വിദ്യാര്‍ഥികളിലും പുതുതലമുറ ലഹരികള്‍ വ്യാപകമാകുന്നു. കേരളം ലഹരിമരുന്നുകള്‍ക്ക് മികച്ച മാര്‍ക്കറ്റായി മാറുന്നു.സംസ്ഥാനത്ത് ക്രമസമാധാന നില ഭദ്രമല്ലാതായിരിക്കുന്നു.ലഹരി ഉപയോഗം തടയുന്നതിന് കർശന നടപടികൾ എടുക്കാനോ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരേ ഉയർന്ന ശിക്ഷ ഉറപ്പാക്കാനോ സംസ്ഥാന സർക്കാരിനാകുന്നില്ല.
ലഹരി സംഘങ്ങളെ അമർച്ച ചെയ്യുന്നതിൽ സംസ്ഥാന എക്സൈസ് വകുപ്പിന്റെയും ആഭ്യന്തരവകുപ്പിന്റെയും ഗുരുതര വീഴ്ചകൾ വ്യക്തമാണ്.ലഹരി മാഫിയകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വർദ്ധിച്ചുവരികയാണ്.കേരള സർക്കാരിന്റെ മദ്യ നയം പൊളിച്ചെഴുതണം.
മദ്യവിപണനത്തിനുള്ള സർവസാധ്യതകളും തുറന്നിടുന്നതാണ് ഇടതു സർക്കാരിന്റെ പുതിയ മദ്യനയം.ഏകാധിപതികളും ജനാധിപത്യ വിരുദ്ധമായി ഭരണത്തില്‍ തുടരണമെന്ന് ആഗ്രഹിക്കുന്നവരും എക്കാലവും ലഹരിയെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. തങ്ങള്‍ക്കെതിരെ ഉയരാനിടയുള്ള എതിര്‍ശബ്ദങ്ങളെ നിശ്ശബ്ദമാക്കാനും അടിമ സമൂഹത്തെ സൃഷ്ടിക്കാനും ഇതിലും എളുപ്പമുള്ള മറ്റൊരു മാര്‍ഗ്ഗമില്ല എന്ന് മനസിലാക്കിയവരാണ് കമ്മ്യൂണിസ്റ്റുകൾ.
പഴയ സോവിയറ്റ് യൂണിയനും അവരുടെ സാമ്രാജ്യത്വവും ലഹരിയുടെ വിപണനത്തിലൂടെ പ്രത്യയശാസ്ത്രവും സാമ്രാജ്യത്വവും കയറ്റുമതി ചെയ്തവരാണ്.കേരളത്തില്‍ കൂടുതല്‍ ലഹരി വില്‍പ്പനശാലകള്‍ തുടങ്ങുന്നതിന്റെ പ്രത്യയശാസ്ത്രവും ഇതു തന്നെ.ഖജനാവ് കാലിയായ കേരള സര്‍ക്കാര്‍ മദ്യവില്‍പ്പനയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ മറ്റൊരു രൂപമാണിത്.ഇന്ത്യയില്‍ ലഹരി മാഫിയയുടെ ഏറ്റവും പ്രിയപ്പെട്ട കേന്ദ്രങ്ങളിലൊന്നാണ് കേരളം. മുംബൈയും ഗോവയും കേന്ദ്രീകരിച്ച് നടന്നിരുന്ന ലഹരിക്കച്ചവടം ഇപ്പോള്‍ കേരളം കേന്ദ്രീകരിച്ചാണ് കൂടുതല്‍ നടക്കുന്നത്. ടൂറിസത്തിന്റെ സാധ്യതകള്‍,തീവ്രവാദത്തിന് വളക്കൂറുള്ള മണ്ണ്, തദ്ദേശീയരല്ലാത്ത ലക്ഷക്കണക്കിന് ആളുകളുടെ സാന്നിദ്ധ്യം, അരാജകത്വത്തെ പ്രോത്സാഹിപ്പിക്കുന്ന ഭരണ സംവിധാനങ്ങള്‍, അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍, ഇതെല്ലാം കേരളത്തെ ലഹരി മാഫിയക്ക് പ്രിയപ്പെട്ടവരാക്കുന്നു.
ഇടതു സർക്കാരിന്റെ പ്രഖ്യാപിത നയത്തിൽ നിന്നുള്ള പിന്മാറ്റമാണ് സംസ്ഥാനത്ത് പൂട്ടിക്കിടന്ന മദ്യഷോപ്പുകൾ തുറന്നത്.അവ മൂലമുണ്ടാകുന്ന സാമൂഹിക ദുരന്തങ്ങൾ അനുദിനം വർധിച്ചു കൊണ്ടിരിക്കു ന്ന ഈ കാലത്തും മദ്യം സുലഭമാക്കുന്ന മദ്യനയം കൊണ്ടുനടക്കുന്ന സർക്കാരിന്റെ പ്രതിബദ്ധത ആരോടാണ്? സംസ്ഥാനത്തെ മദ്യജന്യആരോഗ്യ അടിയന്തരാവസ്ഥയിലേക്ക് തള്ളിവിടുകയാണോ സർക്കാർ ചെയ്യുന്നത്?മലയാളികളിൽ ഒരു വിഭാഗത്തിന്റെ ലഹരി അടിമത്തത്തെ ചൂഷണം ചെയ്ത് കൂടുതൽ വരുമാനമുണ്ടാക്കാനുള്ള സർക്കാരിൻ്റെ നീക്കം അനാരോഗ്യകരവും അപകടകരവുമാണ്. മദ്യലഭ്യത പ്രതിവർഷം വർദ്ധിപ്പിച്ചുകൊണ്ട് മദ്യഉപഭോഗം കുറയ്ക്കുമെന്ന പ്രഖ്യാപനം അപഹാസ്യമാണ്.
കേരള സമൂഹത്തിൽ അപകടകരമായ രീതിയിൽ മദ്യ ഉപഭോഗവും ലഹരി അടിമത്തവും വർദ്ധിച്ചു കൊണ്ടിരിക്കുന്നു എന്നുള്ള ആനുകാലിക യാഥാർത്ഥ്യത്തെ കൂടുതൽ ഗൗരവത്തോടെ പരിഗണിച്ചുകൊണ്ട് ക്രിയാത്മകമായ ഇടപെടലുകൾ നടത്താൻ ഭരണകൂടം തയ്യാറാകണമെന്ന് സീറോ മലബാർ അൽമായ ഫോറം സർക്കാരിനോട് അഭ്യർത്ഥിക്കുന്നു.
.