ഹയര്‍ സെക്കന്ററി പരീക്ഷ മൂല്യനിര്‍ണ്ണയ ക്യാമ്പ് ചുമതലയുള്ള അധ്യാപകര്‍ക്ക് ഈസ്റ്റര്‍ ദിനത്തിലും ഡ്യൂട്ടി നല്‍കിയതിനു പിന്നില്‍ വര്‍ഗീയതയും ഫാഷിസവും പേറുന്ന വിദ്യാഭ്യാസ വകുപ്പിലെ ചില ഉദ്യോഗസ്ഥ മാഫിയകളാണ്. മറ്റു മതസ്ഥരുടെ ആഘോഷ ദിവസങ്ങളില്‍ ഇത്തരം മൂല്യനിര്‍ണ്ണയ ക്യാമ്പ് നടത്തുവാന്‍ ധൈര്യമുണ്ടോ? വിദ്യാഭ്യാസ വകുപ്പിലെ ഇത്തരം കുത്തിത്തിരിപ്പുകാരെ വകുപ്പ് മന്ത്രി നിലയ്ക്ക് നിര്‍ത്തണം. വര്‍ത്തമാനകാലത്ത് വ്യാപകമായിരിക്കുന്ന ക്രൈസ്തവ വിദ്വേഷത്തിന്റെ അന്തരീക്ഷത്തിന് ചൂട്ടുപിടിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്.
നേരത്തേ പെസഹ വ്യാഴം, ദുഃഖവെള്ളി ദിവസങ്ങളിലും ക്യാമ്പ് ഡ്യൂട്ടി ഇട്ടിരുന്നതായും പ്രതിഷേധത്തെ പ്രതിഷേധത്തെ തുടര്‍ന്നാണ് അതു രണ്ടും ഒഴിവാക്കിയതെന്നും അധ്യാപകര്‍ പറയുന്നു. എസ്എസ്എല്‍സി പരീക്ഷ മൂല്യനിര്‍ണ്ണയം ഏപ്രില്‍ മൂന്നിനാണ് ആരംഭിക്കുന്നത്. എസ്എസ്എല്‍സിക്ക് ശേഷം ഫല പ്രഖ്യാപനം നടത്തുന്ന ഹയര്‍ സെക്കന്ററിയുടെ മൂല്യനിര്‍ണ്ണയം മാര്‍ച്ച് 31-ന് ഈസ്റ്റര്‍ ദിനത്തില്‍ ആരംഭിക്കാനുള്ള നീക്കം ക്രൈസ്തവരെ മാനസികമായും വിശ്വാസപരമായും തകര്‍ക്കുന്ന തീരുമാനമാണ്. നിരന്തരമായി ഇത്തരം തലതിരിഞ്ഞ തീരുമാനങ്ങള്‍ എടുക്കുന്ന ഉദ്യോഗസ്ഥരുടെ തലകള്‍ അടിയന്തരമായി പരിശോധിക്കണം.
ക്രൈസ്തവര്‍ പരിപാവനമായി ആചരിക്കുന്ന വിശേഷ ദിവസങ്ങളില്‍ സര്‍ക്കാര്‍ ഡ്യൂട്ടി നിശ്ചയിക്കുന്നത് ഇടതു സര്‍ക്കാരിന്റെ ഒരുതരം വിനോദമായി മാറിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ വര്‍ഷവും വിശുദ്ധവാരത്തിലെ ദുഃഖവെള്ളിയാഴ്ച ഉള്‍പ്പെടെയുള്ള പ്രധാന ദിനങ്ങളില്‍ ചില സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തി ദിനമാക്കി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത്തരം ക്രൈസ്തവ വിരുദ്ധ നീക്കങ്ങള്‍ അംഗീകരിക്കാനാവില്ല. വിദ്യാഭ്യാസ വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ ബോധപൂര്‍വ്വമായ ഈ നീക്കം അത്യന്തം ഖേദകരമാണ്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇടപ്പെട്ട് ക്രൈസ്തവ ന്യൂനപക്ഷങ്ങളെ അവഗണിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന വിദ്യാഭ്യാസ വകുപ്പിലെ ഇത്തരം തീരുമാനങ്ങള്‍ നിറുത്തി വയ്ക്കാന്‍ തയ്യാറാകണമെന്ന് സീറോ മലബാര്‍ അല്‍മായ ഫോറം അഭ്യര്‍ത്ഥിക്കുന്നു.
ടോണി ചിറ്റിലപ്പിള്ളി, അല്‍മായ ഫോറം സെക്രട്ടറി